പൈങ്കിളികൾ പറന്നു "പൈങ്കിളി"! അമ്പാനേയും മാരിയായോയേയും കണ്ട് അത്ഭുതംപൂണ്ടവർക്കു മുമ്പിലേക്കാണ് പൈങ്കിളിയിൽ സുകു സുജിത് കുമാറായി സജിൻ വീണ്ടും വിളയാടാൻ എത്തിയിരിക്കുന്നത്. അനശ്വരയാകട്ടെ രേഖാചിത്രത്തിന്റെയും എന്നു സ്വന്തം പുണ്യാളന്റേയും ഹാങ്ഓവറിൽ നിൽക്കുന്ന പ്രേക്ഷകർക്കു മുമ്പിലേക്ക് ആ കഥാപാത്രങ്ങളേയല്ല താനെന്ന് ഉറക്കെയുറക്കെ വിളിച്ചു പറയുന്നു ഷീബ ബേബിയിലൂടെ. സുകുവും പാച്ചനും കുഞ്ഞായി എന്ന അനീഷും സുജിത്ത് കുമാറും തങ്കു കൊച്ചച്ചനും ഷീബ ബേബിയും ജാഫറും പീറ്ററും സുമയും അമ്മയും അമ്മൂമ്മയും നാട്ടുകാരും രംഗത്തില്ലെങ്കിലും സുകുവിന്റെ ചങ്ങാതിയായി അനുഭവപ്പെടുന്ന സുധാകരനുമെല്ലാം ചേർന്ന് ആകെയൊരു ജഗപൊഗയാണ് പൈങ്കിളി.എത്രകാലം നായകൻമാരെ ഇടിച്ചതാണ് മനുഷ്യാ നിങ്ങൾ, എത്രയെത്രെ കൊടുംവില്ലന്മാരേയും പൊലീസുകാരേയും അവതരിപ്പിച്ച് പ്രേക്ഷകനെ പേടിപ്പിച്ചിട്ടുണ്ട്.



യഥാർഥ ജീവിതത്തിൽ ഡിവൈ എസ് പിയും മിസ്റ്റർ ഇന്ത്യയുമൊക്കെ ആയിരുന്നല്ലോ. എന്നിട്ടും തമാശയേ പറയുന്നില്ലെന്ന ഭാവത്തിൽ 'സുജിത് കുമാർ' എന്ന അച്ഛനെ അവതരിപ്പിച്ച് വളരെ ഗൗരവത്തിൽ എത്രമാത്രം തമാശ രംഗങ്ങളിലൂടെയാണ് പ്രേക്ഷകനെ താങ്കൾ ചിരിപ്പിച്ചിരിക്കുന്നത്- അബുസലീമിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മകനോട് എങ്ങോട്ടാ ഈ മഴയത്ത് പോകുന്നത്, എന്തിനാ ബുള്ളറ്റെടുക്കുന്നത്, എന്നാൽ നമ്മുടെ കമ്പനി വണ്ടി എടുത്തോ തുടങ്ങി കുറേ കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ അച്ഛൻ പറയുന്ന ഒറ്റക്കാര്യവും മകൻ അനുസരിക്കാതിരിക്കുമ്പോൾ 'നല്ല അച്ഛനായി' അവൻ പോകുന്ന വഴിയിൽ അവന് താത്പര്യമുള്ള രീതിയിൽ 'മികച്ച ഉപദേശം' നല്കി എത്രവട്ടമാണ് സുജിത് കുമാർ പ്രേക്ഷകരോട് ചിരിക്കാൻ പറയുന്നത്.




 ഒരിക്കൽ അറിഞ്ഞോ അറിയാതെയോ മകൻ അനുസരിക്കുന്നത് കണ്ട് കണ്ണും മനസ്സും നിറഞ്ഞ് ആടിപ്പാടുന്ന അച്ഛൻ പണ്ട് നായകൻമാരെ വിറപ്പിക്കാൻ വന്ന വില്ലനാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം.
 സുമയും കുമയുമായ ജിസ്മ വിമലാണ് പ്രേക്ഷകർക്ക് സിനിമയിൽ ഏറ്റവും ഇഷ്ടം തോന്നിയേക്കാവുന്നൊരു കഥാപാത്രം. ഒരേ സമയം നിഷ്‌കളങ്കയും അപ്പോൾ തന്നെ തന്റെ ആഗ്രഹങ്ങളിലേക്ക് പറന്നിറങ്ങാൻ ശ്രമിക്കുകയും ചെയ്യുന്ന വളരെ സാധാരണക്കാരിയായ ഒരു പെൺകുട്ടി. ആശുപത്രിയിലെ നഴ്‌സാണെങ്കിലും പെട്ടെന്നൊരു രോഗിയെത്തിയാൽ എന്തു ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ടു പോകുന്നൊരു യുവതി- ഇതാണ് ജിസ്മയുടെ സുമ.






സുകുവിനോട് എപ്പോഴും കട്ടക്കു നിൽക്കുന്നവനാണ് റോഷൻ ഷാനവാസിന്റെ പാച്ചൻ. ഏത് അപകടത്തിൽ നിന്നും സുകുവിനെ രക്ഷിക്കാനാവുന്ന അതേ പാച്ചന് അയാളെ ഏത് കുഴിയിലും ചാടിക്കാനുമാകും. താൻ പെണ്ണായിരുന്നെങ്കിൽ സുകുവിനെ കല്ല്യാണം കഴിച്ചേനെയെന്ന് പറയുന്ന പാച്ചൻ സ്‌നേഹം നിറഞ്ഞു കവിഞ്ഞപ്പോൾ കല്ല്യാണം കഴിക്കാൻ താൻ പെണ്ണു തന്നെ ആകണമെന്നില്ലെന്നും പറയുന്നു.സജിൻ ഗോപുവിന്റെ സുകു നിറഞ്ഞാടുന്ന സിനിമയാണ് പൈങ്കിളി. രൂപവും ഭാവവും അഭിനയവുമെല്ലാം കലാഭവൻ മണിയെയാണ് സജിന്റെ ഗോപു ഓർമിപ്പിക്കുന്നത്. പൊന്മാനിലെ 'കരിമല' പോലുള്ള മാരിയോയാണ് പൈങ്കിളിയിലെത്തുമ്പോൾ കുഞ്ചാക്കോ ബോബനെ പോലെ പ്രണയ ഗാനം പാടുന്നത്.





 സിനിമയുടെ ലഘുതമ സാധാരണ ഗുണിതവും ഉത്തമ സാധാരണ ഘടകവുമൊക്കെ തേടിപ്പോയാൽ സങ്കലനത്തിലും വ്യവകലനത്തിലുമൊക്കെ ആകെമൊത്തം തെറ്റിച്ച് പ്രേക്ഷകനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ അവസരം കൊടുക്കാതെ മുന്നേറുന്നൊരു ചിത്രമെന്ന് 'വളരെ ലളിതമായി' വിശേഷിപ്പിക്കാം പൈങ്കിളിയെ.
പ്രേക്ഷകരെ മുഴുവൻ സമയവും സ്‌ക്രീനിൽ എൻഗേജിംഗ് ചെയ്യിക്കുന്ന ഷോട്ടുകളും സീനുകളുമാണ് ഒന്നിനു പിറകെ ഒന്നായി പൈങ്കിളിയിൽ വരുന്നത്. അടുത്ത രംഗമെന്തെന്ന് പ്രവചിക്കാനും കണക്കുകൂട്ടാനുമൊന്നും പ്രേക്ഷകർക്ക് അവസരം കൊടുക്കാതെ തെന്നിത്തെറിച്ചു പോകുന്ന തിരക്കഥയും മേക്കിംഗുമാണ് പൈങ്കിളി സ്വീകരിച്ചിരിക്കുന്നത്.

Find out more: