ബെയറിറ്റ്സ് ∙ പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിലുള്ളത് ഉഭയകക്ഷി പ്രശ്നമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിൽ മറ്റൊരു രാജ്യത്തെ ഉൾപ്പെടുത്താൻ താൽപര്യപ്പെടുന്നില്ല. 1947 ന് മുൻപ് ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചായിരുന്നു. ഒരുമിച്ചു ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും ഫ്രാൻസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ മോദി പറഞ്ഞു. ജി7 ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളും മാധ്യമങ്ങളെ കണ്ടത്.
കശ്മീരിൽ മധ്യസ്ഥതയെന്ന നിലപാട് ട്രംപ് തിരുത്തി. കാര്യങ്ങളെല്ലാം നിയന്ത്രണ വിധേയമാണെന്നാണു പ്രധാനമന്ത്രിക്കു തോന്നുന്നത്. പ്രശ്നങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച ചെയ്തു പരിഹരിക്കും. കശ്മീർ വിഷയം ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. വ്യാപാരം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളെക്കുറിച്ചു മികച്ച ചർച്ചകളാണു നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചത് മോദിയോടൊപ്പമാണ്. ഇന്ത്യയെക്കുറിച്ച് ഏറെ പഠിക്കാൻ സാധിച്ചെന്നും ട്രംപ് പറഞ്ഞു.
കൂമോദിയുടെ ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തെ പുകഴ്ത്താനും ട്രംപ് മറന്നില്ല. മോദിയുടെ ഇംഗ്ലിഷ് വളരെ മികച്ചതാണ്. എന്നാൽ അദ്ദേഹം സംസാരിക്കുന്നില്ലെന്നുമായിരുന്നു ട്രംപിന്റെ കമന്റ്. മോദി ഹിന്ദിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ ഇടപെടൽ. പൊട്ടിച്ചിരിച്ച പ്രധാനമന്ത്രി ട്രംപിന്റെ കയ്യിൽ പിടിച്ച് സൗഹൃദത്തിൽ അടിക്കുകയും ചെയ്തു.
ഉച്ചകോടിക്കായി ഫ്രാന്‍സിലുള്ള മോദി ‘ജൈവവൈവിധ്യം, സമുദ്രം, കാലാവസ്ഥ’ എന്ന സെഷനിൽ സംസാരിച്ചു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, സെനഗൽ പ്രസിഡന്റ് മാകി സാൽ എന്നിവരുമായി മോദി ചർച്ച നടത്തി.