പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. 50 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
18 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഗുര്‍ദാസ്പൂരിലെ ബട്ടാലയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് വൈകീട്ട് നാലോടെ സ്‌ഫോടനമുണ്ടായത്. നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തി.
പൂര്‍ണമായും തകര്‍ന്ന ഫാക്ടറിക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവർത്തനം നാളെയും തുടർന്നാൽ മാത്രമേ പൂർണമായും ആളുകളെല്ലാം പുറത്തെത്തിക്കാൻ കഴിയൂ എന്നാണ് പ്രാഥമിക നിഗമനം.