
മരട് നഗരസഭയുടെ നോട്ടീസ് കാലാവധി ഇന്നവസാനിക്കാനിരിക്കേ, ഒഴിയാന്‍ ഒരുക്കമല്ലെന്ന നിലപാടിലുറച്ച് ഫ്ളാറ്റ് ഉടമകള്‍. 12 ഫ്ളാറ്റ് ഉടമകള്‍ ഇക്കാര്യം രേഖാമൂലം നഗരസഭയെ അറിയിച്ചു. പണം മുടക്കി വാങ്ങിയ ഫ്ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്നും നിയമപരമായ എല്ലാ രേഖകളും കൈ വശമുണ്ടെന്നുമാണ് ഉടമകളുടെ നിലപാട്. ഒഴിഞ്ഞുപോയേപറ്റൂ എന്നാണെങ്കില്‍ സാവകാശവും മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കണം. ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതു മൗലികാവകാശലംഘനമാണ്. വിദേശത്തു കഴിയുന്ന ഫ്ളാറ്റ് ഉടമകളുമുണ്ട്. അവര്‍ക്കു നാട്ടിലെത്താനും സാധനങ്ങള്‍ നീക്കാനും സാവകാശം ലഭിച്ചിട്ടില്ല. ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റിലെ 12 കുടുംബങ്ങളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കിയത്. മറ്റു ഫ്ളാറ്റുകളിലുള്ളവര്‍ നഗരസഭയുടെ നോട്ടീസിനു മറുപടി നല്‍കിയിട്ടില്ല. നഗരസഭയുടെ നോട്ടീസ് ചട്ടലംഘനമാണെന്നാരോപിച്ച് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണു ഫഌറ്റ് ഉടമകളുടെ ഇപ്പോഴത്തെ തീരുമാനം.സുപ്രീം കോടതി നിര്‍ദേശപ്രകാരമാണു നോട്ടീസ് നല്‍കിയതെന്നും ഫ്ളാറ്റ് ഉടമകളുടെ മറുപടി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാന്‍ വ്യക്തമാക്കി