അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
"വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം". വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.
നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിക്കുന്നു.
മൂന്നിലൊന്നു അമേരിക്കക്കാര്‍ ലോക്ക്ഡൗണില്‍ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.
"ഒരു മായാജാല വാക്‌സിനോ ചികിത്സയോ ഇതിനില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തെ ഗതിനിർണ്ണയിക്കുക" എന്നാണ് കൊറോണ വൈറസ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡെബോറാഹ് ബിര്‍ക്‌സിന് അമേരിക്കക്കാരോട് പറയാനുള്ളത്.