
കോവിഡ് മഹാമാരി എല്ലാ ആളുകളേയും ഒരുപോലെയാകും ബാധിക്കുകയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആക്രമിക്കുന്നതിനു മുന്‍പു കോവിഡ് നമ്മുടെ വംശം, മതം, നിറം, ജാതി, ഭാഷ, അതിര്‍ത്തി എന്നിവ നോക്കാറില്ല.
അതുകൊണ്ടുതന്നെ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയായിരിക്കണം നാം അതിനെ നേരിടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ മുസ്ലിം രോഗികളെ പ്രവേശിപ്പിക്കൂ എന്നു പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിനിലൂടെയാണ് ഈ പ്രധാനമന്ത്രിയുടെ പ്രതികരണം.
മുന്‍ ചരിത്രനിമിഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ലോകമൊന്നാകെ പൊതുവെല്ലുവിളിയെ നേരിടുകയാണ്.
ഒത്തൊരുമയായിരിക്കും നമ്മുടെ ഭാവി നിര്‍ണയിക്കുക. ഇന്ത്യയില്‍ നിന്നുള്ള വലിയ ആശയങ്ങള്‍ക്ക് ആഗോള പ്രസക്തിയും പ്രായോഗികതയും കണ്ടെത്തണം. ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യവര്‍ഗത്തിനും ഗുണം ചെയ്യാനുള്ള കഴിവ് അത്തരം ആശയങ്ങള്‍ക്കുണ്ടായിരിക്കണം.
കോവിഡിനു ശേഷമുള്ള കാലത്ത് ആധുനിക ബഹുരാഷ്ട്ര വിതരണ ശൃംഖലകളുടെ ആഗോള നാഡീകേന്ദ്രമായി ഉയര്‍ന്നുവരാന്‍ ഇന്ത്യയ്ക്ക് കഴിയും.
അതുകൊണ്ടു തന്നെ ഈ അവസരം പാഴാക്കരുത്.' പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ലോജിസ്റ്റിക് വിദഗ്ധര്‍ക്ക് ഈ ദിവസത്തെ ആഗോള വിതരണ ശൃംഖലകളെ സ്വന്തം വീടുകളുടെ സുഖസൗകര്യങ്ങളിലിരുന്നുകൊണ്ടുപോലും നിയന്ത്രിക്കാന്‍ കഴിയും, ഈ അവസരം മുതലെടുത്താന്‍ ആഗോള വിതരണശൃംഖലകളുടെ നാഡീകേന്ദ്രമായി ഉയര്‍ന്നുവരാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
അതിനാല്‍ നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം. ആശയങ്ങള്‍ സംഭാവന ചെയ്യാനും പങ്കുവെയ്ക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.