
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും.
കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. രണ്ടെണ്ണം യുഎഇയില്‍ നിന്നും ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഓരോ വിമാനങ്ങളും സര്‍വീസ് നടത്തും.
വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാനങ്ങളിലാണ് പ്രവാസികളെത്തുക. 12 രാജ്യങ്ങളില്‍ നിന്ന് 10 സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. 14800 ഓളം പേരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കും.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ചാണിത്. അതേ സമയം ഇക്കാര്യത്തില്‍ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതുകൂടാതെ കപ്പലുകളിലും പ്രവാസികളെ എത്തിക്കും
.
യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിങ്കപ്പൂര്‍, യുകെ, ബംഗ്ലാദേശ്, ഫിലിപൈന്‍സ് എന്നിവടങ്ങളില്‍ നിന്നാണ് ആദ്യ ആഴ്ചയില്‍ പ്രവാസികളെ വിമാനത്തില്‍ ഇവിടേക്ക് എത്തിക്കുന്നത്.
അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്.
രണ്ടാം ദിവസം ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം എത്തും. മൂന്നാം ദിവസം കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്കും, ഒമാനില്‍ നിന്ന് കൊച്ചിയിലേക്കും വിമാനം എത്തും.
നാലാം ദിവസം ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും, സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ട്. അഞ്ചാം ദിവസം ദമാം (സൗദി അറേബ്യ)-കൊച്ചി, മനാമ - കോഴിക്കോട്, ദുബായ് - കൊച്ചി എന്നിവടങ്ങളില്‍ നിന്ന് വിമാനം എത്തും.
ആറാം ദിവസം കോലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം. ഏഴാമത്തെ ദിവസം കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും. ജിദ്ദ (സൗദി)യില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ട്.
കേരളത്തെ കൂടാതെ തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ജമ്മുകശ്മീര്‍, കര്‍ണാടക ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കാണ് ആദ്യ ആഴ്ച വിവിധ രാജ്യങ്ങളില്‍ നിന്നായി വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ഏറ്റവും കൂടുതല്‍ സര്‍വീസുകളുള്ളത് കേരളത്തിലേക്കാണ്.
15 സര്‍വീസുകളാണ് ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കുള്ളത്. തമിഴ്‌നാട്ടിലേക്ക് 11 ഉം മഹാരാഷ്ട്രയിലേക്ക് ഏഴും സര്‍വീസുകളുണ്ട്.