ജാമ്യം ലഭിക്കുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കാമെന്നതും ഗൗരവമേറിയ കേസുകളിൽ മാത്രം അറസ്റ്റ് മതിയെന്നതും ഉൾപ്പെടെ കോവിഡ് കാലത്തെ പോലീസിന്റെ പ്രവർത്തനത്തിന് മാനദണ്ഡം നിശ്ചയിച്ചു.
പോലീസ് സ്റ്റേഷനുകൾ മൊത്തം ജീവനക്കാരുടെ പകുതി ഉദ്യോഗസ്ഥരെ ഉപയോഗിച്ചാകും പ്രവർത്തിക്കുക. ബാക്കി ഉദ്യോഗസ്ഥർ വിശ്രമത്തിലാകും. പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിൽ എത്താതെതന്നെ ഡ്യൂട്ടിസ്ഥലത്തേക്ക് നേരിട്ട് പോകാൻ അനുവാദം .
എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രവർത്തനരീതി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറി.
ജാമ്യം ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കും. അറസ്റ്റ് നടത്തേണ്ട അവസ്ഥയിൽ ഉദ്യോഗസ്ഥർ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസറുകൾ എന്നിവ ഉപയോഗിക്കണം.
അറസ്റ്റ് ചെയ്യപ്പെടുന്നയാളും മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം.
പോലീസ് വാഹനത്തിലും ലോക്കപ്പുകളിലും സാമൂഹിക അകലം പാലിക്കണം. ഏഴുദിവസം ഡ്യൂട്ടി, ഏഴുദിവസം വിശ്രമം എന്ന തരത്തിലായിരിക്കും പോലീസുകാരുടെ ജോലിസമയം.
പോലീസ് സ്റ്റേഷനിലെത്താതെതന്നെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ഡ്യൂട്ടി ഡീറ്റെയിലിങ് എല്ലാ ദിവസവും വൈകീട്ട് തീരുമാനിച്ച് ഫോൺവഴി അറിയിക്കും. റോൾ കോൾ, ഷിഫ്റ്റ് മാറ്റം, പരേഡ് എന്നിവ ഒഴിവാക്കാനും നിർദേശമുണ്ട്.
സാധാരണ വാഹനപരിശോധന ഒഴിവാക്കാം. തിരക്കുള്ള പ്രധാന ജങ്ഷനുകളിൽ മാത്രം ട്രാഫിക് ഡ്യൂട്ടിയുണ്ടാകും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയയിടങ്ങളിൽ ബന്തവസ് ഡ്യൂട്ടിക്ക് കുറച്ചുപേരെ മാത്രമേ നിയോഗിക്കൂ. ഗർഭിണികളായ പോലീസുകാരെ സ്റ്റേഷനുകൾക്കകത്തോ കംപ്യൂട്ടർ ജോലികളോ ഹെൽപ് ഡെസ്‌കിലോ മാത്രം നിയോഗിക്കും
ജീവിതശൈലീരോഗങ്ങളുള്ള 50 വയസ്സിനു മുകളിലുള്ള ഉദ്യോഗസ്ഥരെ രോഗവ്യാപനപ്രദേശങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ഒഴിവാക്കും.
പരാതിക്കാർ സ്റ്റേഷനുകളിൽ എത്തുന്നത് നിരുത്സാഹപ്പെടുത്തി ഇ-മെയിൽ, വാട്ട്‌സാപ്പ്, 112 കോൾ സെന്റർ എന്നിവവഴി പരാതി നൽകാൻ പ്രേരിപ്പിക്കണം. ഫീൽഡ് ഡ്യൂട്ടിക്ക് പോകുമ്പോൾ മുഖകവചം ഉപയോഗിക്കുകയാണെങ്കിൽ തൊപ്പി ഒഴിവാക്കാം.