ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻസൈനികരെങ്കിലും വീരമൃത്യു വരിച്ചതായി കരസേന സ്ഥിരീകരിച്ചു.
ചൈനയുടെ നാൽപ്പതിലേറെ സൈനികരും സംഘർഷത്തിൽ കൊല്ലപ്പെട്ടതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ. ഇത് പുറത്തുവിട്ടു. അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിന് കമാൻഡർതല ചർച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘർഷം.
വെടിവെപ്പിലല്ല സൈനികർ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നൽകുന്ന വിശദീകരണം. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘർഷത്തിൽ രക്തം ചിന്തുന്നത്.
132 ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ആന്ധ്ര വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ട ഓഫീസർ. ഗാൽവൻ താഴ്‌വരയിലെ 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫീസറാണ് ഇദ്ദേഹം.
തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പളനി, ജാർഖണ്ഡ് സ്വദേശി സെപോയ് കുന്ദൻ കുമാർ ഓഝ എന്നിവരും ആക്രമണത്തിൽ മരിച്ചവരിലുൾപ്പെടുന്നു. ചൈനീസ് സൈന്യത്തിനും നിർണായകമായ നഷ്ടം സംഭവിച്ചതായി കരസേന അഭിപ്രായപ്പെട്ടു. അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് അടക്കമുള്ള ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓഫീസർമാരുൾപ്പെടെ ഒട്ടേറെ ഇന്ത്യൻ സൈനികരെ കാണാതായതായും റിപ്പോർട്ടുണ്ട്. ഇവർ ചൈനപ്പട്ടാളത്തിന്റെ കസ്റ്റഡിയിലാണെന്നാണ് സംശയം. 43 പേരാണ് മരിച്ചതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത ചൈനീസ് സന്ദേശങ്ങളിലുള്ളത്.
സംഘർഷം ലഘൂകരിക്കാൻ രണ്ടു സേനകളുടെയും മേജർജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥർ ചർച്ച തുടരുകയാണ്. ഇന്ത്യൻ സൈനികർ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കയറിയെന്നാണ് ചൈനീസ് വക്താവ് ബെയ്ജിങ്ങിൽ അവകാശപ്പെട്ടത്. എന്നാൽ, ഇന്ത്യയുടെ ഭൂപ്രദേശത്തുവെച്ചാണു നമ്മുടെ സൈനികർ കൊല്ലപ്പെട്ടതെന്ന് കരസേന വ്യക്തമാക്കി.
കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വര, പാംഗോങ് തടാകം, ഹോട് സ്പ്രിങ് തുടങ്ങിയ മേഖലകളിൽ മേയ് നാലുമുതൽ ഇരു രാജ്യത്തെയും സൈനികർതമ്മിൽ തുടരുന്ന സംഘർഷമാണ് തിങ്കളാഴ്ച മൂർധന്യത്തിലെത്തിയത്. അരുണാചൽ പ്രദേശിലെ തുളൂങ് ലായിൽ 1975-ൽ ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനുശേഷം ആദ്യമായാണ് ഇന്ത്യ-ചൈന അതിർത്തിയിൽ ആളപായം ഉണ്ടാകുന്നതെന്ന് സൈനികവൃത്തങ്ങൾ വ്യക്തമാക്കി.