കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം കേരളത്തിലേക്ക് മടങ്ങി വന്നാല്‍ മതിയെന്ന കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ രംഗത്ത്.

 

പ്രവാസികളെ വളരെ പ്രതികൂലമായി ബാധിക്കുന്ന നിലപാടാണിത്‌. സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറുന്ന നടപടിയാണ് കേരള സര്‍ക്കാരിന്റേതെന്നും വി.മുരളീധരന്‍ പറഞ്ഞു.

 

 

'സ്വന്തം പൗരന്‍മാരെ കോവിഡ് പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രം കൊണ്ടുവന്നാല്‍ മതി എന്ന നിലപാട് ലോകരാജ്യങ്ങള്‍ പരിഹസത്തോടെയാകും കാണുക. ലോകത്തെല്ലായിടത്തും ക്വാറന്റീന്‍ സംവിധാനം ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ട്. വിദേശത്ത് നിന്ന് വരുന്നവരെ എല്ലാ രാജ്യങ്ങളും ക്വാറന്റീന്‍ ചെയ്യിപ്പിച്ചാണ് സ്വീകരിക്കുന്നത്.

 

എന്നാല്‍ ഇവിടെ അത്തരമൊരു ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നതിന് തുല്യമായ നപടിയാണ് എടുത്തിട്ടുള്ളത്.' മുരളീധരന്‍ വ്യക്തമാക്കി. . 'പ്രവാസികളുടെ യാത്ര മുടക്കരുത്, അത് ക്രൂരമാണ്.' എന്ന മാതൃഭൂമി ന്യൂസ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനം നിലപാട് മാറ്റിയില്ലെങ്കില്‍ വന്ദേ ഭാരത് മിഷനില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാരിന് മറ്റു വഴികളില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.

 

അതേസമയം, ഒരു മലയാളി എന്ന രീതിയില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  നിലവിലെ സാഹചര്യത്തില്‍ ഇവിടെനിന്ന് എല്ലാ എംബസികളിലേക്കും പോയി, അവിടെനിന്ന്‌ വരുന്നവര്‍ക്ക് പരിശോധന നടത്തുന്നത് പ്രായോഗികമല്ല.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് പുനഃപരിശോധിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. റാപ്പിഡ് ടെസ്റ്റുകള്‍ അതത്               രാജ്യങ്ങളുടെ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തുക. അത്തരം പ്രശ്‌നങ്ങളാണ് എംബസികള്‍ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് പുറമെ വിദേശത്ത് നിന്ന്    കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍      സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ സുരക്ഷ കണക്കിലെടുത്താണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോയത്.

 

എന്നാൽ തീരുമാനമെടുത്ത ഇവിടെ പല തരത്തിലുള്ള പ്രതിഷേധങ്ങളും ഇതിനെതിരെ ഉണ്ടായി.

 

 

Find out more: