ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ 300 പേർ പങ്കെടുത്തത് എന്തുകൊണ്ട്? കുടുംബത്തിൽ ഒരാൾ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാനാണ് 20 എന്ന നിബന്ധന വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മുൻ മന്ത്രി ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ മുന്നൂറ് പേർ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സംസ്കാര ചടങ്ങിൽ ആളുകൾ വികാരപ്പുറത്ത് തള്ളിക്കയറുകയാണ് ചെയ്തത്. അവിടെ ബലപ്രയോഗം ഉണ്ടായാൽ മറ്റൊരു രീതിയിലായിരിക്കും വ്യാഖ്യാനിക്കപ്പെടുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ 20 എന്ന അംഗ സംഖ്യയിൽ നിൽക്കില്ലെന്ന് കണ്ടതുകൊണ്ടാണ് അത് മുന്നൂറ് ആക്കിയത്.
നാട്ടിൽ ഒരുപാടു പേർ ഗൗരിയമ്മയെ കുടുംബാംഗത്തെപ്പോലെയാണ് കാണുന്നത്. അവർക്ക് അവസാനമായി ആദരവ് അർപ്പിക്കുകയെന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്‌ഥാനത്ത് വാക്‌സിൻ വിതരണം എങ്ങനെ എന്നും മുഘ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നമ്മൾ നേരിടുന്ന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി ശ്രദ്ധിക്കണം. പോലീസ് സഹായം ആവശ്യമെങ്കിൽ അതും തേടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്. കേരളത്തിൽ 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്.
അവർക്ക് രണ്ടു ഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് വാക്സിൻ നമുക്ക് ലഭിക്കണം. 45 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്ര സർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് തരംഗത്തിൻറെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിർത്താൻ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രികളിലെ വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്. ആശുപത്രികൾ എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതിതീവ്ര മഴക്കും ഇടിമിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ കെഎസ്ഇബിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ഉപയോഗിക്കുന്ന ഇടങ്ങളിൽ ഓക്സിജൻ ഓഡിറ്റ് ഫയർഫോഴ്സ് നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടുത്തം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പി ഡബ്ലിയു ഡി എന്നിവ ആവശ്യമായ നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Find out more: