സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ എൽഡിഎഫിൽ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ സിപിഎം നേതാക്കളെ കണ്ട് അനൗദ്യോഗിക ചർച്ചകൾ നടത്താനാണ് ജോസ് കെ മാണിയുടെ നീക്കമെന്നാണ് റിപ്പോർട്ട്. എകെജി സെൻററിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും സിപിഎം ഇത് പരിഗണിച്ചിരുന്നില്ല. കോട്ടയത്ത് തിരികെയെത്തി ഇക്കാര്യം പാർട്ടി നേതാക്കളോട് ചർച്ച ചെയ്തപ്പോൾ രണ്ട് മന്ത്രിസ്ഥാനമെന്ന നിലപാടിൽ കേരളാ കോൺഗ്രസിലെ മറ്റ് നേതാക്കൾ ഉറച്ച് നിന്നെന്നും റിപ്പോർട്ട് പറയുന്നു.രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമാക്കാൻ കേരളാ കോൺഗ്രസ് നീക്കം നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് എംഎൽഎമാരുള്ള പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം.
ഏകാംഗ കക്ഷികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുന്നുണ്ടെങ്കിൽ ഒരു എംഎൽഎയുള്ള പാർട്ടിക്കും, അഞ്ച് എംഎൽഎമാരുള്ള പാർട്ടിക്കും ഒരേ പരിഗണന സ്വീകാര്യമല്ലെന്ന നിലപാട് ജോസ് വിഭാഗം ഉയർത്തിയാൽ മുന്നണിക്ക് ഇക്കാര്യം പരിഗണിക്കേണ്ടി വരും. ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവുമാണ് മുന്നണി നേതൃത്വം വാഗ്ദാനം ചെയ്യുന്നതെങ്കിലും ഒന്നും രണ്ടും എൽഎൽഎമാരുള്ള ഘടക കക്ഷികൾക്കും ഒരു മന്ത്രി സ്ഥാനം ഉണ്ടെന്നത് പാർട്ടി ചൂണ്ടിക്കാട്ടാനാണ് സാധ്യത.ഇടതുപക്ഷത്തെ മൂന്നാമത്തെ വലിയ കക്ഷിയാണ് കേരളാ കോൺഗ്രസ് എം. ആദ്യ രണ്ട് കക്ഷികളുമായി താരതമ്യം ചെയ്യുമ്പോൾ സീറ്റ് നിലയിൽ ഏറെ പിന്നിലാണെങ്കിലും രണ്ട് മന്ത്രിസ്ഥാനത്തിന് അർഹരാണെന്ന വാദം പാർട്ടി ഉയർത്തിയേക്കും.
സിപിഎം സ്വതന്ത്രരുൾപ്പെടെ 67 സീറ്റുകളിൽ വിജയിച്ചു. സിപിഐ- 17, കേരള കോൺഗ്രസ് എം - 5, ജനതാദൾ എസ്- 2 എൻസിപി- 2, കോൺഗ്രസ് എസ്- 1, കേരള കോൺഗ്രസ് ബി- 1, എൽജെഡി- 1, ഐഎൻഎൽ- 1, ആർഎസ്പിഎൽ- 1 ജനാധിപത്യ കേരളാ കോൺഗ്രസ്- 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഇതിൽ എൻസിപിയ്ക്കും, ജനതാദളിനും ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. ഈ സാഹചര്യത്തിൽ രണ്ട് എംഎൽഎയുള്ള കക്ഷിയെയും അഞ്ച് എംഎൽഎയുള്ള കക്ഷിയെയും ഒരേ രീതിയിൽ പരിഗണിക്കരുതെന്ന വാദമാകും കേരളാ കോൺഗ്രസ് മുന്നോട്ട് വെക്കുക.ഇത്തവണ സീറ്റുകൾ വർധിപ്പിച്ചാണ് ഇടതുപക്ഷം സംസ്ഥാനത്ത് അധികാരത്തുടർച്ച നേടിയത് .ക്രൈസ്തവ സ്വാധീനമുള്ള പാർട്ടി എന്ന നിലയിൽ കേരളാ കോൺഗ്രസ് പ്രതിനിധിയായി റോഷിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സിപിഎമ്മിന് താൽപ്പര്യമെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്. എംഎൽഎമാരിൽ സീനീയറാണെന്നതും റോഷി അഗസ്റ്റിന് സാധ്യത കൽപ്പിക്കുന്നു.