മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റും വേണ്ട; സതീശനു പൂർണപിന്തുണയെന്ന് ചെന്നിത്തല! വിഡി സതീശനെ പ്രതിപക്ഷ നേതാവായിി തീരുമാനിച്ചു കൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനത്തിനു പിന്നാലെ ആലപ്പുഴയിൽ വെച്ചു നടത്തിയ ആദ്യപ്രതികരണത്തിലാണ് രമേശ് ചെന്നിത്തല പിന്തുണയറിയിച്ചത്. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ശ്രദ്ധേയമായ നീക്കങ്ങൾക്ക് പിന്നാലെ പുതിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് പൂർണപിന്തുണയുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട തോൽവിയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാൻ തയ്യാറായിരുന്നുവെന്നും നേതാക്കളുടെ ആവശ്യപ്രകാരം താൻ തുടരുകയായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.



ഒരുമിച്ചു നിൽക്കണമെന്ന നേതാക്കളുടെ ആവശ്യം അനുസരിക്കുകയാണ് താൻ ചെയ്തത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിലൂടെയാണ് യുഡിഎഫും കോൺഗ്രസും കടന്നു പോകുന്നതെന്നും തോൽവികളിൽ നിന്ന് തിരിച്ചുവരവിലേയ്ക്കുള്ള പാതയൊരുക്കാനായി എല്ലാവരും ഒരുമനസ്സോടെ വിഡി സതീശനു പിന്നിൽ അണിനിരക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. താൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടാണ് പടിയിറങ്ങുന്നതെന്നും നിരാശയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. കെപിസിസിയിൽ വരുന്ന മാറ്റങ്ങൾ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും ഈ തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.



 നവമാധ്യമങ്ങളിലെ വിമർശനങ്ങളും പരിഹാസങ്ങളും മുഖവിലയ്ക്കടുക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. സർക്കാരിൻ്റെ അഴിമതികൾ തുറന്നുകാണിക്കാൻ കഴിഞ്ഞ അഞ്ച് വർഷവും കഴിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. താൻ പ്രതിപക്ഷ ധർമം ഉൾക്കൊണ്ടുകൊണ്ടുള്ള പോരാട്ടം ഇനിയും തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി. പുതിയ പ്രതിപക്ഷനേതാവ് മികച്ച നിയമസഭാ സാമാജികനാണെന്നും കോൺഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രശംസയുടെ സാഹചര്യത്തിലായിരുന്നു ചെന്നിത്തലയുടെ മറുപടി.  അതേസമയം പാർട്ടി തന്നെ ഏല്പിച്ച ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുകയാണെന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.




 കഴിഞ്ഞദിവസമായിരുന്നു പ്രതിപക്ഷ നേതാവായി വിഡി സതീശനെ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുത്തത്.പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ പദവി ഏറ്റെടുക്കുന്നത്. പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. "കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് ഈ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു" അദ്ദേഹം പറഞ്ഞു.

Find out more: