ഇനി 'വിസ്മയ' ആവർത്തിക്കരുത്; പുതിയ സംവിധാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി! ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇനി പരാതികൾ ഇ-മെയിൽ ആയും ഫോൺകോൾ വഴിയും പോലീസിനെ അറിയിക്കാം. സംസ്ഥാനത്ത് സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ സംവിധാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓൺലൈൻ എന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. ഇതിലേക്കാണ് പുതിയ സംവിധാനംകൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
ഇത്തരം പരാതികളുളളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 ബുധനാഴ്ച മുതൽ നിലവിൽ വരും.കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്ഐ അവരെ സഹായിക്കും. 94 97 99 99 55 എന്ന നമ്പറിൽ നാളെ മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകൾ നൽകുന്ന പരാതികൾക്ക് മുന്തിയ പരിഗണന നൽകി പരിഹാരം ഉണ്ടാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിന്റെ കുടുംബത്തിന്റെ പങ്ക് ആരോപിച്ച് കുടുംബ സുഹൃത്തായ സക്കീർ ഹുസൈൻ രംഗത്തെത്തിയിരുന്നു. "ഭർത്താവിന്റെ വീട്ടുകാർക്കും മരണത്തിൽ പങ്കുണ്ട്. മകനെ അവർ തിരുത്തേണ്ടതല്ലേ? അതുകൊണ്ട് വിസ്മയയുടെ മരണത്തിൽ അവർക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്," എന്ന് സക്കീർ ഹുസൈൻ തിങ്കളാഴ്ച പറഞ്ഞിരുന്നു. വിവാഹത്തിനു ശേഷം കിരണിന്റെ വീടിന്റെ പുനർ നിർമ്മാണത്തിനും മറ്റുമായി കൂടുതൽ പണം ചോദിച്ച് വിസ്മയയെ ശല്യപ്പെടുത്തിയിരുന്നുവെന്ന് കുടുംബ സുഹൃത്ത് പറയുന്നു. ഇടയ്ക്ക് കിരണിനെതിരെ കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇക്കാര്യം വക്കീലുമായി സംസാരിച്ചിരുന്നുവെന്നും സക്കീർ ഹുസൈൻ പറഞ്ഞു.
മാത്രമല്ല വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്തു. കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. ഗാർഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. വിസ്മയയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കിരൺ കുമാറും അമ്മയും വിസ്മയയെ മർദ്ദിച്ചതായി വിസ്മയയുടെ അച്ഛൻ പറഞ്ഞു. മദ്യവും ലഹരി വസ്തുവും ഉപയോഗിച്ച ശേഷമാണ് കിരൺ മർദ്ദിച്ചതെന്നും അദേഹം പറയുന്നു.
Find out more: