'ലോക്ക് ഡൗൺ നീട്ടാനാവില്ല, ഘട്ടം ഘട്ടമായി ഇളവുകൾ നടപ്പിലാക്കും': മുഖ്യമന്ത്രി! കൊവിഡ് കേസുകളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെങ്കിലും സാധാരണ നിലയിലേക്ക് സംസ്ഥാനം എത്തേണ്ടതുണ്ട്. ഘട്ടം ഘട്ടമായി ഇളവുകൾ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ല. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൻ്റെ തിരിച്ചടി പല സംസ്ഥാനങ്ങളിലും കുറഞ്ഞെങ്കിലും കേരളത്തിൽ കൊവിഡ് കേസുകൾ കുറയാത്തതിൽ പലർക്കും ആശങ്കയുണ്ട്. എന്നാൽ അമിതമായി ഭയപ്പെടേണ്ട സാഹചര്യമില്ല. 



   കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മേയ് മാസത്തിലാണ് കേരളത്തിൽ രണ്ടാം ഘട്ടം ആരംഭിച്ചത്. ടിപി ആർ 29 ശതമാനം ഉയരുകയും പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിലേക്ക് ഉയരുകയും ചെയ്തു. ടിപിആർ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നിൽക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി. ഡെൽറ്റ വകഭേദമാണ് രണ്ടാം തരംഗത്തിൽ കേരളത്തിലെത്തിയത്. മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇതോടെ ആകെ മരണം 14,489 ആയി. 1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,22,921 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.



   വിവിധ ജില്ലകളിലായി 3,84,493 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. അതേസമയം, കേരളത്തിൽ ഇന്ന് കേരളത്തിൽ ഇന്ന് 14,087 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 109 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കൊവിഡ് ആശങ്ക തുടരുന്നതിനിടെ മദ്യശാലകൾക്ക് മുന്നിലെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമർശനം ഉണ്ടായ പശ്ചാത്തലത്തിൽ പുതിയ നിർദേശവുമായി സർക്കാർ. മദ്യത്തിൻ്റെ തുക മുൻകൂട്ടിയടച്ച് ബവ്കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മദ്യവിൽപ്പന സ്ഥാപനങ്ങൾക്ക് മുന്നിലുള്ള ക്യു പലപ്പോഴും പ്രശ്നമാവുകയാണ്. 



   മുൻകൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാൻ പാകത്തിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടും. തിരക്ക് ഒഴിവാക്കാൻ മറ്റ് ശാസ്ത്രീയ മാർഗങ്ങളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിൻ്റെ പേരിൽ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഒരു വിവാഹത്തിന് 20 പേർ മാത്രം പങ്കെടുക്കുമ്പോൾ ബെവ്കോയുടെ മുന്നിൽ കൂട്ടയിടിയാണ്. സാധാരണക്കാർക്ക് ഈ ആൾക്കൂട്ടം എന്ത് സന്ദേശമാണ് നൽകുന്നത്. ജനങ്ങളുടെ ആരോഗ്യത്തിലാണ് പ്രാധാന്യമെന്നും രാജ്യത്തിന്റെ കൊവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Find out more: