ഒരു ദിവസം നേരത്തെ കിറ്റ് കൊടുത്താൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ? മന്ത്രിയുടെ നടപടി ഭക്ഷ്യവകുപ്പിൻറെ തന്നെ ഉത്തരവ് ലംഘിക്കുന്നതാണെന്ന ആരോപണമാണ് ഉയർന്നത്. എന്നാൽ വിവാദം അനാവശ്യമാണെന്നും ഒരു ദിവസം നേരത്തെ കിറ്റ് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നുമാണ് മന്ത്രി ചോദിക്കുന്നത്. വിവാദവും മന്ത്രിയുടെ പ്രതികരണവും അറിയാം. നടൻ മണിയൻപിള്ള രാജുവിൻറെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ജിആർ അനിൽ ഓണക്കിറ്റ് നൽകിയത് വിവാദമായിരിക്കുകയാണ്. ഇന്നലെ താരത്തിൻറെ ജവഹർ നഗർ ഭഗവതി ലെയ്‌നിലെ വീട്ടിൽ നേരിട്ടെത്തിയാണ് മന്ത്രി ഓണക്കിറ്റ് നൽകിയത്. റേഷൻ കടകളിലെ ഇ പോസ് മെഷിനിൽ വിരൽ പതിപ്പിച്ച് കാർഡിലെ വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം വിതരണം ചെയ്യേണ്ട കിറ്റ് മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും മണിയൻപിള്ള രാജുവിന് വീട്ടിലെത്തികൈമാറിയെന്നും ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഉത്തരവ് ലംഘിക്കുന്നതാണ് നടപടിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം.
ചലച്ചിത്ര താരം മണിയൻപിള്ള രാജുവിൻറെ വീട്ടിലെത്തി മന്ത്രി ഓണക്കിറ്റ് നൽകിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ സംഭവം ചർച്ചയാകുകയായിരുന്നു. ഓണക്കിറ്റ് വിതരണത്തിൻറെ ആദ്യഘട്ടത്തിൽ പാവപ്പെട്ടവർക്കാണ് വിതരണം ചെയ്യുക. മുൻഗണനാ ഇതരവിഭാഗത്തിലുള്ളവർക്ക് 13 മുതലാണ് വിതരണം. ഈ ഷെഡ്യൂളാണ് തെറ്റിച്ചിരിക്കുന്നതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. മന്ത്രിയുടെ നടപടി ഭക്ഷ്യവകുപ്പിൻറെ തന്നെ ഉത്തരവ് ലംഘിച്ചുള്ളതാണെന്നാണ് സംഭവത്തെക്കുറിച്ച് റേഷൻ ഡീലർമാർ ആരോപിക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നർഹമായത് ഒന്നും കൊടുത്തിട്ടില്ലെന്നും കൊടുക്കാൻ അർഹതയുള്ള സ്ഥലത്തല്ലേ കൊടുത്തതെന്നും അദ്ദേഹം ചോദിക്കുന്നു. കിറ്റ് വിതരണത്തിലെ ക്രമീകരണത്തിൽ ഒരു ദിവസം മുന്നോട്ട് പോയാൽ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.
'ഒരാൾക്ക് ഒരു ദിവസം നേരത്തെ കിറ്റ് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ. അളവിൽ ഒന്നും ഒരു മാറ്റവുമില്ലല്ലോ' മന്ത്രി ചോദിച്ചതായി റിപ്പോർട്ട് പറയുന്നു. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദം അനാവശ്യമെന്നാണ് റിപ്പോർട്ടർ ടിവിയോട് മന്ത്രി ജിആർ അനിൽ പ്രതികരിച്ചത്. കിറ്റ് വിതരണം നടത്തുമ്പോൾ ആ വീട്ടിൽ പോവുകയെന്ന ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് കാലത്ത് വിതരണം ചെയ്ത സൗജന്യ റേഷനരി മോശമാണെന്ന പ്രചാരണം ശക്തമായിരിക്കെ റേഷൻ കടയിലെത്തി മണിയൻപിള്ള രാജു അരി വാങ്ങിയതും തുടർന്ന് നടത്തിയ പ്രതികരണവും ചർച്ചയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. പൊതു വിതരണ രംഗത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയൻപിള്ള രാജുവെന്നും മന്ത്രി ജിആർ അനിൽ ചൂണ്ടിക്കാട്ടി."സെലിബ്രിറ്റി എന്ന നിലയിലാണ് മന്ത്രി തനിക്ക് വീട്ടിൽ കിറ്റ് എത്തിച്ച് നൽകിയത്. റേഷൻ കടയിലെത്തി ഇ പോസ് മെഷീനിൽ വിരൽ പതിപ്പിക്കും" അദ്ദേഹം പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. പ്രമുഖരെ ഉൾപ്പെടുത്തി ഓണക്കിറ്റ് വിതരണത്തിൻറെ ഉദ്ഘാടനഫോട്ടോ റേഷൻകടയുമടകൾ എടുക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം വിവാദമായതിന് പിന്നാലെയാണ് കിറ്റ് വിതരണവും വിവാദത്തിൽ അകപ്പെട്ടത്.നിലവിലെ വിവാദങ്ങളോട് കഴിഞ്ഞദിവസം തന്നെ മണിയൻപിള്ള രാജു പ്രതികരിച്ചിരുന്നു.
Find out more: