സിപിഎമ്മിലെ രീതി പിന്തുടർന്ന് റിപ്പോർട്ടിങ് നടപ്പാക്കാൻ കോൺഗ്രസ്സ് ഒരുങ്ങുന്നുവോ? ഇതിൻ്റെ ഭാഗമായി സിപിഎമ്മിലെ രീതി പിന്തുടർന്ന് റിപ്പോർട്ടിങ് നടപ്പാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിനായുള്ള നടപടികൾ പാർട്ടിയ്ക്കുള്ളിൽ തുടങ്ങിയെന്നാണ് മനോരമ റിപ്പോർട്ട്. സംഘടനാ സംവിധാനത്തിലെ വലിയ മാറ്റങ്ങൾക്കൊപ്പം പാർട്ടിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനായി സെമി കേഡർ ശൈലിയിലേയ്ക്ക് മാറാനൊരുങ്ങുകയാണ് കോൺഗ്രസ്. നെയ്യാർ ഡാം ക്യാംപിൽ സ്വീകരിച്ച തീരുമാനങ്ങൾ കീഴ്ഘടകങ്ങളിലേയ്ക്ക് എത്തിക്കാനായി ടീമുകൾ രൂപീകരിച്ചു തുടങ്ങിയെന്നാണ് മനോരമ റിപ്പോർട്ട്. ഡിസിസികളുടെ നേതൃത്വത്തിലാണ് ടീമുകൾ ഉണ്ടാക്കുന്നത്. ഇതനുസരിച്ച് രൂപീകരിച്ച തിരുവനന്തപുരം ഡിസിസിയുടെ ടീമിൽ 55 പേരാണുള്ളത്. മുതിർന്ന നേതാക്കളും ജനപ്രതിനിധികളും ടീമിൽ ഉൾപ്പെടുന്നുണ്ട്.
പാർട്ടി നേതൃത്വം സ്വീകരിക്കുന്ന പുതിയ നിലപാടുകളും നയങ്ങളും താഴേത്തട്ടിലെ പ്രവർത്തകരിലേയ്ക്ക് എത്തിക്കാൻ റിപ്പോർട്ടിങ് രീതി സഹായിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഡിസിസി നേതൃയോഗങ്ങളിൽ കെപിസിസി പ്രസിഡൻ്റും വർക്കിങ് പ്രസിഡൻ്റുമാരും റിപ്പോർട്ടിങ് നടത്തും. റിപ്പോർട്ടിങ് എങ്ങനെ വേണമെന്നു പഠിപ്പിക്കാനായി ഈ മാസം 19ന് ഇവർക്കായി ഏകദിന ക്യാംപും സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിസിസിയുടെ നേതൃയോഗത്തിൽ കെ സുധാകരൻ ക്യാംപിലെ തീരുമാനങ്ങൾ വിശദീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ മറ്റു ജില്ലകളിലെ കമ്മിറ്റികളിലും ഇത് ആവർത്തിക്കും. ഇത്തരത്തിൽ തിരുവനന്തപുരം ഡിസിസിയിൽ അറിയിച്ച കാര്യങ്ങൾ കീഴ്ഘടകങ്ങളിൽ എത്തിക്കുകയാണ് 55 അംഗ സംഘത്തിൻ്റെ ജോലി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് റിപ്പോർട്ടിങിനു തുടക്കമിട്ടിട്ടുള്ളത്.
സംസ്ഥാനത്ത് പാർട്ടിയുടെ താഴേത്തട്ടിലെ പ്രവർത്തനങ്ങൾ നടപ്പാക്കാനായി അയൽക്കൂട്ട കമ്മിറ്റികൾ ഉണ്ടാക്കണമെന്നത് സുധാകരൻ്റെ ആശയമായിരുന്നു. ഈ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതും ഡിസിസികളുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും. നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ ഈ സംഘം രേഖയായി കീഴ്ഘടകങ്ങളിലേയ്ക്ക് എത്തിക്കും. തുടർന്ന് ഇക്കാര്യങ്ങൾ നടപ്പാക്കാൻ ആറുമാസത്തെ സമയം സമിതികൾക്ക് നൽകും. ഇതിനു സാധിക്കാത്തവർ മാറി നിൽക്കണമെന്നാണ് നിർദേശം. പരാജയപ്പെട്ടാൽ നേതൃത്വം ഇടപെട്ട് ഇവരെ മാറ്റുമെന്നും കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ മോഡൽ രാഷ്ട്രീയവുമായി കെപിസിസി തലപ്പത്തെത്തിയ കെ സുധാകരൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പാർട്ടി സംവിധാനത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുമെന്നാണ് രാഷ്ട്രീയലോകം ഉറ്റു നോക്കുന്നത്.
മുൻപ് നേതൃത്വം സ്വീകരിക്കുന്ന പല തീരുമാനങ്ങളും പാർട്ടി കീഴ്ഘടകങ്ങൾ അറിഞ്ഞിരുന്നത് മാധ്യമങ്ങളിലൂടെയായിരുന്നു. ഈ പ്രശ്നത്തിന് പുതിയ രീതി പരിഹാരമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. പ്രധാന തീരുമാനങ്ങൾ പുതുതായി രൂപീകരിച്ച സംഘം വഴി രേഖയായി തന്നെ കീഴ്ഘടകങ്ങളിലേയ്ക്ക് എത്തിക്കും. എന്നാൽ പുതിയ രീതിയെ കോൺഗ്രസ് റിപ്പോർട്ടിങ് എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നില്ലെന്നാണ് മനോരമ റിപ്പോർട്ടിൽ പറയുന്നത്. ഗ്രൂപ്പുകളെ ഒഴിവാക്കി പാർട്ടി ചട്ടക്കൂട് പൊളിച്ചു പണിയുന്നതോടൊപ്പം പാർട്ടിയിൽ സമൂല പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ് കെപിസിസിയുടെ പദ്ധതി.
Find out more: