പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനു പിന്നാലെ മുൻ സംസ്ഥാന പോലീസ് മേധാവിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാ ആവശ്യത്തിനായി സ്വദേശമായ ഒറീസയ്ക്ക് പോകണമെന്നാണ് വിശദീകരണം.  ഭാര്യയുടെ ചികിത്സാ ആവശ്യത്തിനായി സ്വദേശമായ ഒറീസയ്ക്ക് പോകണമെന്നാണ് വിശദീകരണം.  മോൻസൺ മാവുങ്കലിനെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതിനു ശേഷം ബെഹ്റ ഓഫീസിലെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഡിജിപിയുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു മോൻസൺ ഇടപാടുകാരോടു പറഞ്ഞിരുന്നത്. എന്നാൽ ഇതു നിഷേധിക്കുന്നതാണ് ബെഹ്റയുടെ പ്രതികരണം.




   തനിക്ക് പറയാനുള്ളതെല്ലാം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഇതെല്ലാം ഫയലിലുണ്ടെന്നും ബെഹ്റ ഒരു വാർത്താ ചാനലിനോടു പറഞ്ഞു. ഡിജിപിയായിരുന്ന കാലത്ത് ബെഹ്റ മോൻസൺ മാവുങ്കലിൻ്റെ കലൂരിലെ മ്യൂസിയത്തിലെത്തിയതിൻ്റെ ചിത്രങ്ങളടക്കം പുറത്തു വന്നിരുന്നു. കലൂരിലെയും ചേർത്തലയിലെയും മോൻസൻ്റെ വീടുകൾക്ക് മുന്നിൽ പോലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചത് ആരു പറഞ്ഞിട്ടാണെന്നും ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയിട്ടില്ല. ലോക്നാഥ് ബെഹ്റയ്ക്കു പുറമെ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും മോൻസൺ മാവുങ്കലിനു ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കാൻ ഇടപെട്ടത് പോലീസ് ഉന്നതരാണെന്നാണ് ആരോപണം. മോൻസൺ മാവുങ്കൽ തൻറെ സുഹൃത്തല്ലെന്നാണ് ലോക്നാഥ് ബെഹ്റ പറയുന്നത്.





  എന്നാൽ മോൻസണെ ആരാണ് തനിക്ക് പരിചയപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ബെഹ്റ തയ്യാറായില്ല.   ടിപ്പുവിൻ്റെ സിംഹാസനം എന്നു മോൻസൺ അവകാശപ്പെട്ട കസേരയിൽ ബെഹ്റ ഇരിക്കുന്നതിൻ്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഡിജിപിയുമായി മോൻസൺ ഫോണിൽ സംസാരിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ഡിജിപി അവധിയിൽ പ്രവേശിക്കുന്നത്. മോൻസൻ്റെ മ്യൂസിയത്തിലുണ്ടായിരുന്ന വ്യാജ സാമഗ്രികൾ പുരാവസ്തുക്കളാണെന്നായിരുന്നു ഇയാൾ പ്രചരിപ്പിച്ചിരുന്നത്. കലൂരിലെയും ചേർത്തലയിലെയും വീടുകൾക്ക് സുരക്ഷ നൽകാൻ 2019ൽ പോലീസിനു നിർദേശം നൽകിയത് ഡിജിപി ലോക്നാഥ് ബെഹ്റയാണെന്നാണ് റിപ്പോർട്ടുകൾ. 





  ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും ഇതു സംബന്ധിച്ച് രണ്ട് വർഷം മുൻപ് ബെഹ്റ കത്ത് നൽകിയിരുന്നുവെന്നാണ് മാധ്യമം റിപ്പോർട്ട്. ഇതിൻ്റെ പകർപ്പും വിവിധ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ചേർത്തല പോലീസിൻ്റെ ബീറ്റ് ബോക്സും മോൻസൻ്റെ വീടിനു മുന്നിലുണ്ടായിരുന്നു. അതേസമയം മോൻസൻ്റെ ഭൂമിയിടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കലൂരിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളെല്ലാം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. തടി കൊണ്ടുള്ള പല വസ്തുക്കളും നിർമിച്ചതും ചില പഴയ വസ്തുക്കൾ സംഘടിപ്പിച്ചു നൽകിയതും താനാണെന്ന് തിരുവനന്തപുരം സ്വദേശിയായ സന്തോഷ് വ്യക്തമാക്കി.

Find out more: