മുഹമ്മദ് റിയാസിന് പിന്തുണയുമായി റിയാസ്! മന്ത്രിയുടെ പ്രതികരണം സർക്കാരിൻ്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി. മന്ത്രിക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണയാണുള്ളത്. ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്ന് സർക്കാരിൻ്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരെക്കൂട്ടി എംഎൽഎമാർ കാണാൻ വരുരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവനയ്ക്ക് സിപിഎം പിന്തുണ. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതു നിലപാടുണ്ട്. ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കി. എംഎൽഎമാർ ഉയർത്തുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്.






  മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് സർക്കാരിന് നിലപാടുണ്ട്.  എംഎൽഎമാർ കരാറുകാരെ കൂട്ടി കാണാൻ വരരുതെന്ന റിയാസിൻ്റെ നിയമസഭാ പ്രസംഗത്തിലെ പരാമർശത്തിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗത്തിൽ നിന്നും വിമർശനം ഉയർന്ന പശ്ചത്തലത്തിൽ കൂടിയാണ് മന്ത്രിക്ക് പിന്തുണയുമായി സിപിഎം ആക്ടിങ് സെക്രട്ടറി നേരിട്ട് രംഗത്തുവന്നത്. പാർട്ടി നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ശേഷം തൻ്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി റിയാസ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. "ചില കരാറുകാരും ഉദ്യോഗസ്ഥരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. എംഎൽഎമാർക്ക് സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങളുമായി മന്ത്രിയെ കാണാം.



   


  എന്നാൽ മറ്റ് മണ്ഡലങ്ങളിലെ കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ല. ഇനി റോഡുകളും പാലങ്ങളും നിർമ്മിക്കുമ്പോൾ അതിൽ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ കൂടി ഉൾപ്പെടുത്തും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് അക്കാര്യങ്ങൾ ഉടനടി ബന്ധപ്പെട്ടവരെ അറിയിക്കാനാകും" - എന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താൻ പറഞ്ഞ കാര്യങ്ങൾ സിഎജി റിപ്പോർട്ടിലും പരാമർശിച്ചിട്ടുള്ളവയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കരാറുകാരുമായി ഇടപെടുമ്പോൾ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. 




   

  ഇത്തരം ഇടപെടലുകളിൽ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണെന്നും ഇതിൽ ഭരണകക്ഷി എംഎൽഎമാർ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പണികൾ തീർക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവനയോട് എതിർപ്പ് പ്രകടിപ്പിച്ച് എ എൻ ഷംസീർ എംഎൽഎ, മുൻ മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ രംഗത്തുവന്നിരുന്നു. ആരെയൊക്കെ കൂട്ടി കാണാൻ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്നായിരുന്നു ഷംസീറിൻ്റെ പ്രതികരണം.

Find out more: