മാസ്‌ക് ധരിക്കാതെ ആളുകളുമായി സമ്പർക്കം പുലർത്തിയതിനു ജോജു ജോർജിനെതിരെ കേസ്! മരട് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ ഡിസിപിയ്ക്ക് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി. കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി സമ്പർക്കം പുലർത്തിയതിന് നടൻ ജോജു ജോർജിനെതിരെ കേസെടുത്തു.




   ജോജുവിനെതിരെ സംഭവ ദിവസം ജിഎൽപെറ്റി കേസ് എടുത്തതായി മരട് പോലീസ് പറഞ്ഞു. ആ ദിവസങ്ങളിൽ ജോജു സ്‌റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും പിഴ അടച്ചില്ലെങ്കിൽ നടനെതിരെ മറ്റു നടപടികൾ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. 500 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. പെട്രോൾ വില വർധനവിന് എതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരം ചോദ്യം ചെയ്ത ജോജുവിന്റെ വാഹനം അടിച്ചുതകർത്തത് ഉൾപ്പെടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജോജു മാസ്‌ക് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷാജഹാൻ പരാതി നൽകിയത്. ജോജുവിന്റെ കാർ തല്ലി തകർത്ത കേസിൽ അറസ്റ്റിലായ ഷാജഹാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നൽകിയിരുന്നു.




  കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൈറ്റിലയിൽ സമരത്തിൽ പങ്കെടുത്തത്തിന് ഷാജഹാൻ ഉൾപ്പെടെ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.  അതേസമയം, ജോജുവിൻ്റെ  കാർ തകർത്ത കേസിൽ രണ്ട് കോൺഗ്രസ്  പ്രവർത്തകർക്ക് കൂടി കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഷാജഹാൻ, അരുൺ എന്നിവർക്കാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കാറിന് വന്ന നഷ്ടത്തിൻറെ 50  ശതമാനം തുകയായ മുപ്പത്തേഴായിരത്തി അഞ്ഞൂറ് രൂപ വീതം കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവിൽ പറയുന്നു. അരലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യവും നൽകണം. 




  അതേസമയം, രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ജോസ്ഫ് ആദ്യം നൽകിയ ജാമ്യേപക്ഷ തള്ളിയിരുന്നു. ടോണി ചമ്മിണി ഉൾപ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇന്ധനവില വർദ്ധനവിനെതിരായ കോൺഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ ആയിരുന്നു പ്രതിഷേധവുമായി ജോജു ജോർജ്ജ് രംഗത്തെത്തിയത്. ഇതിനെത്തുടർന്നാണ് ജോർജിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തിരുന്നു. പിന്നീട് വിഷയം വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.  

Find out more: