കണ്ണൂരിൽ മാത്രമായിരുന്ന കൊലപാതകം തെക്കൻ ജില്ലകളിലേക്ക് വ്യാപിച്ചു എന്ന് വിഡി സതീശൻ! സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും വർധിച്ചുവരുന്നത് ആഭ്യന്തരവകുപ്പും പോലീസ് മേധാവികളും നോക്കി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് നേതാവിൻറെ പ്രതികരണം.  രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  പഴയകാലത്തെ സെൽഭരണത്തിലേക്ക് തിരിച്ചുപോകാനാണ് ശ്രമമെന്നും വിഡി സതീശൻ വിമർശിച്ചു. പോലീസ് മേധാവികൾ പറഞ്ഞാൽ താഴെയുള്ള ഉദ്യോഗസ്ഥർ കേൾക്കാത്ത സ്ഥിതിയാണ്.




     ജില്ലാ പോലീസ് മേധാവികളെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണ്. ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്നത് സിപിഎം ആണെന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പോലീസ് സേനയുടെ പൂർണമായ നിയന്ത്രണം പാർട്ടി സമിതികൾക്ക് നൽകിയിരിക്കുകയാണ്.  അനാവശ്യമായ ഇടപെടലുകൾ സിപിഎം നടത്തുന്നതാണ് പോലീസിനെ പരിതാപകരമായ ഈ അവസ്ഥയിലെത്തിച്ചത്. ഹൈക്കോടതി നിരന്തരം പോലീസിനെയും സർക്കാരിനെയും വിമർശിക്കുകയാണ്. പോലീസ് ഇത്രമാത്രം വിമർശനം ഏറ്റുവാങ്ങിയ ഒരു സാഹചര്യം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ആലപ്പുഴയിൽ വർഗീയ പശ്ചാത്തലമുള്ള കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം മറ്റൊരു കൊലപാതകം കൂടി നടന്നു.




   അത് ഒഴിവാക്കാനുള്ള ഇൻറലിജൻസ് സംവിധാനം പോലീസിനില്ല. കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലക്കേസിൽ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് സർക്കാരാണ്. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ സഹായത്തിനുള്ള പ്രത്യുപകാരമാണ്. ഈരാറ്റുപേട്ടയിൽ യുഡിഎഫ് ഭരണം താഴെയിറക്കാൻ എസ്ഡിപിഐയുമായി കൂട്ടുകൂടി. കോട്ടയത്ത് ബിജെപിയുമായി ചേർന്നു. ഒരേ സമയം എസ്ഡിപിഐയുമായും ബിജെപിയുമായും കൂട്ടുകൂടുന്ന സിപിഎം യുഡിഎഫിനെ തകർക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനത്ത് രാഷ്ട്രീയ- വർഗീയ കൊലപാതകങ്ങൾ വർധിക്കുകയാണ്.






  പണ്ട് കണ്ണൂരിൽ മാത്രമുണ്ടായിരുന്ന കൊലപാതകം തെക്കൻ ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. എസ്ഡിപിഐയെ സഹായിക്കുന്ന നിലപാടാണ് അഭിമന്യൂ കേസിലുൾപ്പെടെ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു സംഘടനകളും പരസ്പരം പാലൂട്ടി വളർത്തുകയാണ്. കേരള രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാനാണ് ഇവർ വളഞ്ഞ വഴി സ്വീകരിക്കുന്നത്. പോലീസ് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ അപകടകരമായ അവസ്ഥയിലേക്ക് കേരളം പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരു പോലെ യുഡിഎഫ് എതിർക്കും.




   ആർഎസ്എസിൻറെയും എസ്ഡിപിഐയുടെയും നിലനിൽപ്പ് പരസ്പരം അക്രമമുണ്ടാക്കുന്നതിലൂടെയാണ്. മാത്രമല്ല പോലീസ് ഇൻറലിജൻസ് സംവിധാനം പൂർണമായും തകർന്നിരിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. ക്രിമിനൽ ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. പോലീസിനെ സിപിഎമ്മിൻറെ ജില്ലാ ഏരിയാ ഘടകങ്ങൾ നിയന്ത്രിക്കുകയാണ്. അനാവശ്യമായ ഇടപെടലുകളിലൂടെ പോലീസ് സംവിധാനത്തെ സിപിഎം ദുർബലപ്പെടുത്തുകയാണെന്നും സതീശൻ ആരോപിച്ചു.

Find out more: