ഗംഗയിൽ അഹിന്ദുക്കൾ ഇറങ്ങരുത്! വാരാണസിയിലെ ഗംഗാതീരം അഹിന്ദുക്കൾ സന്ദർശിക്കരുതെന്നാണ് വിശ്വഹിന്ദുപരിഷത്തിന്റെയും യുവജനസംഘടനയായ ബജ്‌റംഗ്ദളിന്റെയും പ്രവർത്തകർ പതിച്ച പോസ്റ്ററുകൾ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം കൂടിയായ വാരാണസിയിൽ ഇത്തരം പോസ്റ്ററുകൾ വന്നത് രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. ഹിന്ദു മതവിശ്വാസികളുടെ പുണ്യനഗരമായ വാരാണസിയിൽ അഹിന്ദുക്കൾക്കെതിരെ വ്യാപകപ്രചരണം. സനാതനധർമം പാലിക്കാത്തവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് പോസ്റ്റർ പതിക്കുന്നതിന് നേതൃത്വം നൽകിയ വിശ്വ ഹിന്ദുപരിഷത്ത് (വി.എച്ച്.പി) വാരാണസി വിംഗ് സെക്രട്ടറി രജൻ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ''ഗംഗാ തീരത്തിനും കാശിയിലെ ക്ഷേത്രങ്ങൾക്കും ഹിന്ദു മതവിശ്വാസത്തിലും സംസ്‌കാരത്തിലും വലിയ പ്രാധാന്യമുണ്ട്. അതിനാൽ മറ്റുള്ളവർ മാറിനിൽക്കണം.
ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. അല്ലാത്തവരെ ഞങ്ങൾ ഓടിക്കും.''--രജൻ ഗുപ്ത വിശദീകരിച്ചു. ''ഇതൊരു മുന്നറിയിപ്പാണ്, അപേക്ഷയല്ല''--വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പേരിൽ വന്ന പോസ്റ്റർ പറയുന്നു. കാവി വസ്ത്രങ്ങൾ ധരിച്ച പ്രവർത്തകർ പഞ്ചഗംഗ ഘാട്ടിലും രാം ഘാട്ടിലും ദശഅശ്വമേധ് ഘാട്ടിലും അസി ഘാട്ടിലും മണികർണിക ഘാട്ടിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പോസ്റ്ററുകളുടെ ഡിജിറ്റൽ പതിപ്പ് സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്നുണ്ട്. ഇനി വാരാണസിയിലെ ക്ഷേത്രങ്ങളിലും പോസ്റ്റർ പതിക്കാനാണ് തീരുമാനം. ഗംഗാനദിയും തീരവും ഒരു മതത്തിന്റെയും വിശ്വാസികളുടെയും സ്വന്തമല്ലെന്നാണ് പ്രാദേശിക മാധ്യമപ്രവർത്തകനായ വിജയ് വിനീത് 'ദ വയറിനോട്' പറഞ്ഞത്.'' വാരാണസിയെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്.
ബി.ജെ.പിയാണ് ഈ ഗൂഡാലോചനക്ക് പുറകിൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിൽ അവർക്ക് വലിയ ക്ഷീണമുണ്ടാവും. അത് ഇല്ലാതാക്കാനാണ് അവർ വർഗീയ പ്രചരണം നടത്തുന്നത്. ഗംഗാനദിയിൽ കുളിച്ച ശേഷമാണ് ഭാരതരത്‌ന പുരസ്‌കാര ജേതാവ് ഉസ്താദ് ബിസ്മില്ലാഖാൻ നമസ്‌കരിച്ചിരുന്നത്.''--വിജയ് വിനീത് പറയുന്നു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ വർഗീയത പടർത്താൻ ബി.ജെ.പി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്ററുകൾ എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. പോസ്റ്ററുകൾക്കെതിരെ കോൺഗ്രസ് നേതാവ് രാഘവേന്ദ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാവിധാരികളായ യുവാക്കൾ പ്രദേശത്ത് വർഗീയത പരത്തുന്നുവെന്നാണ് വരുണ സോൺ ഡി.സി.പിക്ക് നൽകിയ പരാതി പറയുന്നത്.
തിരഞ്ഞെടുപ്പിൽ വർഗീയതയെ ഉപയോഗിക്കുന്നതിന് എതിരെ ജില്ലാ ഭരണകൂടത്തിന് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോസ്റ്ററുകൾ വിവാദമായതോടെ വി.എച്ച്.പിക്കും ബജ്‌റംഗ്ദളിനും പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വക്താവ് രാകേഷ് തൃപതി രംഗത്തെത്തി. സാമൂഹിക വിരുദ്ധരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നാണ് രാകേഷ് തൃപതി ആരോപിക്കുന്നത്. പക്ഷെ, പോസ്റ്ററുകളിലെ ആശയങ്ങളെ അദ്ദേഹം പിന്തുണച്ചു. ''വാരാണസിയിലെ ക്ഷേത്രങ്ങളെ പിക്‌നിക് സ്ഥലമായി ആരും കാണരുത്.''--രാകേഷ് തൃപതി ആവശ്യപ്പെട്ടു. പോസ്റ്ററുമായി സംഘടനക്ക് ബന്ധമില്ലെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാലും പറഞ്ഞു. ആരാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്തിയ ശേഷം ബാക്കി നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
Find out more: