സോളാർ അഴിമതി; അപകീർത്തി ഉമ്മൻ ചാണ്ടിയുടെ വെറും തോന്നൽ, അപ്പീൽ പോകുമെന്ന് വി എസ്! സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അപകീർത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണെന്ന് വി എസ് അച്യുതാനന്ദന്റെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. സോളാർ അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വി എസ് അച്യുതാനന്ദൻ. സോളാർ അഴിമതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്.
എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല. കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും തുടർന്ന് ഗവണ്മെന്റ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയ്ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്.
ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്കോടതി വിധിക്കെതിരെ അപ്പീൽ നടപടി സ്വീകരിക്കുമെന്ന് വി എസിന്റെ ഓഫീസ് അറിയിച്ചു. അതേസമയം അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിയ്ക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയായിരുന്നു വിധി പ്രസ്താവിച്ചത്. ഇതിന് പിന്നാലെ തന്നെ വിഎസിൽ നിന്ന് ഉമ്മൻ ചാണ്ടി പണം സ്വീകരിക്കുമോയെന്നും സ്വീകരിച്ചാൽ അത് എന്ത് ചെയ്യുമെന്നുള്ള ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഇപ്പോഴിതാ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉമ്മൻ ചാണ്ടി മനോരമ ന്യൂസിനോടാണ് അദ്ദേഹത്തിൻറെ പ്രതികരണം.
സോളാർ പാനൽ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ കോടതി വിധി വന്നത് കഴിഞ്ഞദിവസമായിരുന്നു. കോടതി വിധിയായതിനാൽ 10.10 ലക്ഷം രൂപ സ്വീകരിക്കുമെന്നും അത് താൻ സ്വന്തമായി എടുക്കില്ലെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. "ആ തുക സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കും." ഉമ്മൻ ചാണ്ടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നേരത്തെ വിധിച്ച ഒരു ലക്ഷം രൂപ ലഭിച്ചില്ലല്ലോ എന്ന ചോദ്യത്തിന് പകുതി തുക കെട്ടിവെച്ചിട്ടാണ് അപ്പീലിന് പോയതെന്നാണ് മനസിലാക്കുന്നതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Find out more: