എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഉത്തർപ്രദേശ് ബംഗാളോ കേരളമോ പോലെയാകും എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്! യുപി മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം ഉത്തർപ്രദേശ് ബിജെപിയുടെ ഒദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പിഴവ് സംഭവിച്ചാൽ ഉത്തർപ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് യോഗി വോട്ടർമാരോട് വിവാദ പ്രസ്താവന നടത്തിയത്. "എൻറെ മനസ്സിൽ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും.
ഉത്തർ പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആകാൻ അധിക സമയം എടുക്കില്ല' യോഗി വീഡിയോയിൽ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നൽകുന്നുവെന്നും യോഗി ആദിത്യനാഥ് പറയുന്നു. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ പ്രതിബദ്ധതയോടെയും ആത്മാർഥതയോടെയുമാണ് പ്രവർത്തിച്ചത്. നിങ്ങൾക്കത് കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വോട്ട് അഞ്ചു വർഷത്തെ എൻറെ പ്രയത്‌നത്തിനുള്ള അനുഗ്രഹമാണ്. നിങ്ങളുടെ ഭയരഹിത ജീവിതത്തിനുള്ള ഉറപ്പുകൂടിയാണതെന്നും യു പി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏഴ് ഘട്ടങ്ങളിലായാണ് യു പിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഫെബ്രുവരി 14 ന് നടക്കും. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ്. നാലാം ഘട്ടം ഫെബ്രുവരി 27ന്. യുപിയിലെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് നടക്കും. മാർച്ച് 3, 7 തീയതികളിലാണ് ആറാം ഘട്ട തെരഞ്ഞെടുപ്പും ഏഴാം ഘട്ട തെരഞ്ഞെടുപ്പും നടക്കുക. യുപിയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. 11 ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക.
സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബിജെപിയ്ക്ക് നിർണായകമായ മണ്ഡലങ്ങളാണ് ഇവയെല്ലാം. യോഗി സർക്കാരിലെ ഒമ്പത് മന്ത്രിമാരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളിൽ 53 ഉം നിലവിൽ ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ജാട്ട് സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളും പടിഞ്ഞാറൻ യു പിയിലെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഉൾപ്പെടുന്നുണ്ട്. ജാട്ട് സമുദായത്തിൽ നിന്നുള്ള 17 സ്ഥാനാർഥികളെയാണ് ബിജെപി ഈ ഘട്ടത്തിൽ മത്സരിപ്പിക്കുന്നത്. സമാജ് വാദി പാർട്ടി 12 പേരെയും രാഷ്ട്രീയ ലോക് ദൾ ആറ് പേരെയും ജാട്ട് സമുദായത്തിൽ നിന്നും മത്സര രംഗത്ത് ഇറക്കിയിട്ടുണ്ട്
Find out more: