കെ റെയിൽ; ഭൂമി ഏറ്റെടുക്കാൻ 2000 കോടി! കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കിഫ്ബിയിൽ നിന്നും പ്രാഥമികമായി 2000 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ആദ്യ പൂർണ ബജറ്റ് അവതരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെ റെയിൽ പദ്ധതി വേഗത്തിലാക്കാനുള്ള പദ്ധതികൾ ബജറ്റിലും. കെഎസ്ആർടിസിയുടെ നവീകരണത്തിന് ആയിരം കോടി രൂപ നീക്കിവച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി 30 കോടി മാറ്റിവെച്ചു. ജലമെട്രോയ്ക്ക് സാമ്പത്തിക സഹായം നൽകുമെന്നും ബജറ്റ് അവതരത്തിൽ ധനമന്ത്രി പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




    കിഫ്ബി മുഖേനെയായിരിക്കും ഭൂമി ഏറ്റെടുക്കുക. ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ശബരിമല വിമാനത്താവളത്തിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് 2 കോടി അനുവദിക്കും. കുട്ടനാട് വികസനത്തിന് 200 കോടി അനുവദിക്കുമെന്ന നിർണായക പ്രഖ്യാപനം ധനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായി. ലോവർ കുട്ടനാട് സംരക്ഷണ പദ്ധതിക്ക് 20 കോടിയും കുട്ടനാട്ടിൽ കൃഷി സംരക്ഷണത്തിന് 54 കോടിയും നൽകും. ആലപ്പുഴ, കോട്ടയം ജില്ലയിലെ വെള്ളപ്പൊക്ക ഭീഷണി തടയാനുള്ള പദ്ധതിക്ക് 33 കോടിയും അനുവദിച്ചു. ലൈഫ് മിഷൻ വഴി ഒരു ലക്ഷത്തിൽ ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കും. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് മിഷൻ വഴി നിർമ്മിക്കും. 




   സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ പദ്ധതി നടപ്പാക്കും. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി വകയിരുത്തിയെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. അഴീക്കൽ, കൊല്ലം, ബേപ്പൂർ, പൊന്നാനി തുറമുഖങ്ങൾക്ക് 41. 5 കോടിയും വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശേരി തുറമുഖത്തിന് പത്ത് കോടിയും വകയിരുത്തി. ബേപ്പൂർ തുറമുഖത്തിൻ്റെ അനുബന്ധ വികസനത്തിന് 15 കോടി അനുവദിച്ചതായും ധനമന്ത്രി സഭയിൽ വ്യക്തമാക്കി. ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്താൻ രണ്ടരക്കോടി അനുവദിക്കും.





 കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് നടപ്പ് സാമ്പത്തിക വർഷത്തേക്കായി 16 കോടി രൂപ വകയിരുത്തി. മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയും വികാസവും സംബന്ധിച്ച് സമഗ്രമായ അറിവുകൾ നൽകാനുതകുന്ന മലയാള സിനിമ മ്യൂസിയം സ്ഥാപിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പെടെ ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി 12 കോടി രൂപ വിലയിരുത്തിയിരിക്കുകയാണ്.

Find out more: