
ഗുലാം നബി ആസാദ് ജമ്മു കാശ്മീരിൽ പറഞ്ഞു. " മതത്തിന്റെയും ജാതിയുടേയും പേരിൽ രാഷ്ട്രീയ പാർട്ടികൾ രാവും പകലും ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുകയാണ്. എന്റേതുൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടികളോടും ഞാൻ ക്ഷമിക്കില്ല. പൗര സമൂഹം ഒന്നിച്ചു നിൽക്കണം. ജാതി മത ഭേദമന്യേ എല്ലാവരും ഒന്നിച്ചു നിൽക്കണം." ഗുലാം നബി ആസാദ് പറഞ്ഞു. പണ്ഡിറ്റുകളുടെ പലായനം അടിസ്ഥാനമാക്കിയുള്ള 'ദി കാശ്മീർ ഫയൽസ്' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന. മാർച്ച് 11ന് സിനിമ റിലീസ് ചെയ്തതു മുതൽ സിനിമയുമായി ബന്ധപ്പെട്ട് വിവാദം ശക്തമാണ്.
ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചിത്രം ഹിന്ദുത്വവാദികളുടെ പ്രൊപ്പഗാണ്ടയാണെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. 1990ലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ച കഥയാണ് 'ദി കാശ്മീർ ഫയൽസ്' എന്ന ചിത്രം പറയുന്നത്. ഇന്ത്യ ഉടൻ തന്നെ വെറുപ്പിൻ്റെ ആഗോള സൂചികയിൽ ഒന്നാം സ്ഥാനത്തെത്തുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ആഗോള സന്തോഷ സൂചികയിൽ ഇന്ത്യയുടെ റാങ്കിങ് പുറത്തുവന്നതിനു പിന്നാലെ കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ പരിഹാസവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
"വിശപ്പിൻ്റെ റാങ്കിങിൽ പത്താം സ്ഥാനം, സ്വാതന്ത്ര്യത്തിൻ്റെ റാങ്കിൽ 119-ാം സ്ഥാനം, സന്തോഷ സൂചികയിൽ സ്ഥാനം 139, പക്ഷെ ഉടൻ തന്നെ വെറുപ്പിൻ്റെയും ദേഷ്യത്തിൻ്റെയും റാങ്കിൽ നമ്മൾ ഒന്നാമതെത്തും." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. യുഎൻ സസ്റ്റൈനബിൾ ഡെവലപ്മെൻ്റ് സൊല്യൂഷൻസ് നെറ്റ്‍വർക്ക് പുറത്തിറക്കുന്ന വേൾഡ് ഹാപ്പിനസ് ഇൻഡക്സാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇന്ത്യയ്ക്ക് പട്ടികയിൽ 136-ാം സ്ഥാനം മാത്രമാണുള്ളത്. ഇതു സംബന്ധിച്ച റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം.