നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും, പ്രതിഷേധം നാടിന്റെയല്ലെന്നും പിണറായി വിജയൻ! ചിലരെ ശട്ടം കെട്ടി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി ഒരു വിചിത്ര സഖ്യംതന്നെ രൂപം കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം ഒരു മറയുമില്ലാതെ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പുതുമയല്ല. ഇത്തരം ആക്രമണങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് അവഗണിച്ച് ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു ശരിയായനില സ്വീകരിച്ചിട്ടുണ്ട്.
എന്നാലും അഭ്യർത്ഥിക്കുകയാണ്, അർദ്ധ സത്യങ്ങളും അതിശയോക്തി നിറഞ്ഞതുമായ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവർക്ക് ഊർജം പകരുന്ന നിലപാട് നല്ലതിനോ എന്ന് സ്വയം പരിശോധിക്കാൻ അത്തരം മാധ്യമങ്ങൾ തയ്യാറാവണം. ആസൂത്രിതമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. ദൗർഭാഗ്യവശാൽ അതിന് നേരായകാര്യങ്ങൾ നാടിനെ അറിയിക്കാൻ ബാധ്യതപ്പെട്ട ഏതാനും മാധ്യമങ്ങൾ കൂട്ട് നിൽക്കുന്നു, സമരത്തിന് അതിവൈകാരികതയും അസാധാരണവും അമിതവുമായ പ്രാധാന്യവും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇത്തരം മാധ്യമങ്ങൾ പങ്കു വഹിക്കുന്നു. സംസ്ഥാന സർക്കാർ നിലവിലുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.
അത് ദീർഘവീക്ഷണത്തോടെയുള്ളതാണ്. ഈ തലമുറയ്ക്ക് മാത്രമുള്ളതല്ല വരുന്ന തലമുറകൾക്കും നാടിന്റെ ഭാവിക്കും ഇതാവശ്യമാണ്. അതിനുള്ള സാഹചര്യം ഒരുക്കണം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ ഉത്തരവാദിത്തമാണത്. രാഷ്ട്രീയമായ പേടിയോ സ്വാർത്ഥ-സങ്കുചിത വിചാരങ്ങളോ കൊണ്ട് നാടിന്റെ പുരോഗതിക്ക് തടയിടരുതെന്നു മാത്രമാണ് ഇത്തരം ശക്തികളോട് ഓർമ്മിപ്പിക്കാനുള്ളത്. അർഹതപ്പെട്ട നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പുവരുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുമെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.
വികസനവും പുനരധിവാസം ഉറപ്പുവരുത്തിക്കൊണ്ട് സിൽവർലൈൻ പദ്ധതി നടപ്പിലാക്കുകയെന്നതാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന സമീപനമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടുകൂടി ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി മുന്നോട്ടുപോകുന്ന വികസന വിരുദ്ധ-വിദ്രോഹ സഖ്യത്തെ തുറന്നു കാട്ടിത്തന്നെ മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിക്കുക- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വികസനം നടപ്പിലാക്കപ്പെടുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുകയെന്നത് പ്രധാനകടമയായാണ് സർക്കാർ കാണുന്നത്.
Find out more: