കെ വി തോമസിൻ്റെ മറുപടി ലഭിച്ചെന്ന് താരിഖ് അൻവർ ! കാരണം കണിക്കൽ നോട്ടീസിൽ അദ്ദേഹത്തിൽ നിന്നും മറുപടി ലഭിച്ചു. എ കെ ആൻ്റണി അധ്യക്ഷനായ അച്ചടക്ക സമിതി രണ്ട് ദിവസത്തിനുള്ളിൽ ചേരും. തുടർന്നാകും നടപടിയുണ്ടാകുകയെന്നും താരിഖ് അൻവർ പറഞ്ഞു. നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ വി തോമസിന് എഐസസി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.





  കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെങ്കിൽ കെ വി തോമസിനെതിരെ സസ്പെൻഷൻ, പുറത്താക്കൽ അടക്കമുള്ള നടപടി സ്വീകരിക്കാൻ കഴിയുമെന്ന് താരിഖ് അൻവർ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അച്ചടക്ക നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന പ്രതികരണമാണ് കെ വി തോമസിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്.നിർദേശം ലംഘിച്ച് പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത കെ വി തോമസ് ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്നാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നൽകിയ റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.





  "തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സുധാകരൻ നേരത്തെ തന്നെ ശ്രമം ആരംഭിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കെണ്ടത് എഐസിസിയാണ്. കോൺഗ്രസിനെ ബലഹീനമാക്കാൻ കെപിസിസി പ്രസിഡൻ്റ് ശ്രമം നടത്തുകയാണ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിൽ വേണോ എന്ന് ആലോചിക്കണം. തൻ്റെയും സുധാകരൻ്റെയും സാമ്പത്തികം അന്വേഷിക്കണം. പാർട്ടിയിൽ സ്ഥാനമാനങ്ങൾ നേടിയത് ഞാൻ മാത്രമല്ല. സ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിൽ പാർട്ടിക്കായി തിരിച്ചും ചെയ്തിട്ടുണ്ട്. 




  തന്നെക്കാൾ പ്രായമുള്ളവർ ഉയർന്ന സ്ഥാനങ്ങളിൽ ഇപ്പോഴുമുണ്ട്" - എന്നും കെ വി തോമസ് പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുകയും സർക്കാരിനെ പ്രശംസിക്കുകയും ചെയ്തതാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് കെ സുധാകരൻ്റെ ലക്ഷ്യമെന്ന് കെ വി തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Find out more: