മത വിദ്വേഷ പ്രസംഗം; പി സി ജോർജിനെതിരെ പാളയം ഇമാം! വർഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു. ഏതു രാഷ്ട്രീയക്കാരനാണെങ്കിലും ഇത്തരക്കാരെ മാറ്റിനിർത്തണം. പി സി ജോർജിൻ്റെ പ്രസ്താവന വിഷം ചീറ്റലാണെന്നും പാളയം ഇമാം വിമർശിച്ചു. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിനിടെയാണ് രൂക്ഷ വിമർശനം. മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ പാളയം ഇമാം.  പല പ്രയോഗങ്ങളും അപകടകരവും ഭീകരവുമാണ്. വർഗീയമായ വിദ്വേഷങ്ങൾ പ്രവചിക്കുന്ന പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.






  പറയുന്നതെല്ലാം കല്ലുവെച്ച നുണയാണ്. എന്തുമാത്രം ഭീകരമായ വിഷം ചീറ്റലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ എല്ലാ മതക്കാരും രാഷ്ട്രീയ കക്ഷികളും ഒറ്റപ്പെടുത്തണം.  മുസ്ലീങ്ങൾ ചായയിൽ മരുന്ന് കലർത്തി മറ്റു മതസ്ഥരെ വന്ധീകരിക്കുന്നുവെന്ന പ്രയോഗം അങ്ങേയറ്റം അപകടകരമാണ്. ഈ സാഹചര്യത്തെ വിശ്വാസികൾക്ക് അതിജീവിക്കാൻ കഴിയണമെന്നും പി സി ജോ‍ർജ് സമൂഹത്തോട് മാപ്പു പറയണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. ഹിന്ദുക്കൾ മുസ്ലീങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുതെന്നു പറഞ്ഞാൽ നമ്മുടെ നാടിൻ്റെ മതേതരബോധം അത് ഉൾക്കൊള്ളില്ല. വിചിത്രമായ വർത്തമാനമാണിത്.





  കർണാടകത്തിലെ ഹിജാബ് നിരോധനം ഭരണഘടനാലംഘനം ആണെന്നും വി പി സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. ഹിജാബ് നിരോധിച്ച നടപടി ഏറെ ദുഖകരമാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്‌ഠിക്കാനുമുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. ഹിജാബ് നിരോധനത്തിലൂടെ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൻ്റെ ലംഘനമാണ് നടന്നിരിക്കുന്നത്. ആര് എന്തു പറഞ്ഞു ന്യായീകരിച്ചാലും ഹിജാബ് നിരോധനം ശരിയല്ലെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദം നൽകണം. സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 






  മതേതരത്വം തകർത്ത് കലാപത്തിനു ശ്രമിച്ചാൽ നേരിടണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിൻ്റെ ഒരുമയെ തകർക്കാൻ ആർക്കും കഴിയില്ല. ആറ്റുകാൽ പൊങ്കാലയ്ക്കായി പാളയം പള്ളിമുറ്റം വിട്ടുനൽകാറുണ്ട്. അദ്വൈതാശ്രമത്തിൽ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണെന്നും അതാണ് മതേതരത്വത്തിൻ്റെ സൗന്ദര്യമെന്നും അദ്ദേഹം വ്യക്തമാക്കി. വെട്ടിനു വെട്ടും കൊലയ്ക്കു കൊലയും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും രാഷ്ട്ര കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

Find out more: