പ്രവാസികളുടെ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു; ലക്ഷ്യം 36 മേഖലകളുടെ ഉന്നമനം! കേരളത്തിലെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി ക്ഷേമം, ദാരിദ്രനിർമ്മാർജ്ജനം, കാർഷികം, ക്ഷീരവികസനം, പരിസ്ഥിതി സംരക്ഷണം അടക്കം 36 മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ തുടർ പ്രവർത്തനങ്ങളെന്ന് ദേശീയ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ നേതൃത്വത്തിലുള്ള കേരള പ്രവാസി അസോസിയേഷൻ (കെപിഎ) രാഷ്ട്രീയ പാർട്ടിയായി പ്രവർത്തനം ആരംഭിച്ചു. ഭവനരഹിതരായവരെ കണ്ടെത്തി ഒരു പഞ്ചായത്തിൽ 1000 വീടുകൾ നിർമിച്ച് നൽകാനുള്ള പദ്ധതികളാണ് ആദ്യ ഘട്ടമായി നടപ്പാക്കാനൊരുങ്ങുന്നത്.
ട്രെസ്റ്റിൻറെ കീഴിൽ ഓരോ ജില്ലയിലും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ ആരംഭിക്കുന്നതിലുള്ള ആലോചനകളിലാണ് പാർട്ടി. കേരള പ്രവാസി അസോസിയേഷൻ(കെപിഎ) എന്ന പേരിൽ കേരളത്തിൽ ഇടതുവലതു മുന്നണികളുടെ അവസരവാദ രാഷ്ട്രീയത്തിന് ബദലായി പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച രാഷ്ട്രീയ പാർട്ടിക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം നൽകിയതോടെ 36 അംഗ ദേശീയ കൗൺസിലിന് കീഴിൽ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ,ജില്ല, സംസ്ഥാന കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അനീതി, അക്രമം, അഴിമതി എന്നിവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പാർട്ടിക്ക് ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളടക്കം വരുന്ന ജനങ്ങളുടെ പ്രശ്നങ്ങളിൽ മാനുഷികമായ ഇടപെടലാണ് ഉണ്ടാകുകയെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.
രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക മേഖലയിൽ നിർണ്ണായക ശക്തിയായ പ്രവാസി സമൂഹത്തിൻറെ ആവശ്യങ്ങളിൽ കാര്യമായ ഇടപെടുകൾ നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊന്നും ചെയ്യുന്നില്ലെന്നാണ് കേരള പ്രവാസി അസോസിയേഷൻറെ കാലങ്ങളായുള്ള ആക്ഷേപം. പ്രവാസികളുടെ മാത്രമല്ല എല്ലാ വിഭാഗങ്ങൾക്കും ആവശ്യമായ സഹായവും, അവരുടെ പ്രശ്നങ്ങളിൽ ഇടപെടലും പാർട്ടി ഉറപ്പു നൽകുന്നു. പ്രവാസികളുടെ വോട്ടവകാശം, പെൻഷൻ പദ്ധതി തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണകൂടങ്ങൾക്ക് മുന്നിൽ വേണ്ട ഇടപെടലുകൾ നടത്തി അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
പ്രവാസലോകത്തു നിന്നും ആർജ്ജിച്ചെടുക്കുന്ന അറിവും കഴിവും, ഉയർന്ന തൊഴിൽ സംസ്‌കാരവും, മികച്ച സാങ്കേതിക പരിജ്ഞാനവും , നൂതന തൊഴിൽ പരിശീലനവും, ലക്ഷ്യബോധവും തൊഴിലിനോടുള്ള ആത്മ സമർപ്പണവും നാടിൻറെ പുരോഗതിക്ക് പ്രയോജനകരമാണ്. പരസ്പര സഹകരണത്തിനു പുറമെ പ്രവാസികൾക്ക് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള വ്യക്തമായ കാഴ്ചപ്പാടുകളും നാടിൻറെ വികസനത്തിനായി ഉപയുക്തമാക്കുക എന്നതാണ് കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ബദലിൻറെ ലക്ഷ്യം. വിദേശ നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യയിലേക്ക് അതിവേഗത്തിലുള്ള പുരോഗതി, സാമ്പത്തിക അടിത്തറ പാകൽ എന്നിവയിലൂടെ പ്രവാസികൾ രാജ്യത്തിൻറെ വികസനത്തിന് വലിയ സംഭാവനയാണ് നൽകുന്നത്.
Find out more: