ശ്രീലങ്കയിൽ മോദിയ്ക്കെതിരെ പ്രതിഷേധം; എന്തിന്? കുറുക്കുവഴിയിലൂടെ ആദാനി കരാർ നേടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം അലയടിച്ചത്. ആദാനി ഗ്രൂപ്പ് കരാർ നേടിയതു മാത്രമല്ല പ്രതിഷേധത്തിന് ആധാരം. കമ്പനിക്ക് കരാർ നേടുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സയുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്ന് വൈദ്യുത ബോർഡ് ചെയർമാൻ വെളിപ്പെടുത്തൽ നടത്തി. കാറ്റാടി പാടം നിർമ്മിക്കാൻ ആദാനി ഗ്രൂപ്പ് കരാർ നേടിയതിനു പിന്നാലെ ശ്രീലങ്കയുടെ തലസ്ഥാനമായി കൊളംബോയിൽ വൻ പ്രതിഷേധം. തന്ത്ര പ്രധാനമായ മേഖലയിലെ കരാർ നേടുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തിയതായി ശ്രീലങ്കൻ പ്രസിഡന്റ് തന്നോടു പറഞ്ഞുവെന്ന് സിലോൺ വൈദ്യുത ബോർഡ് ചെയർമാൻ ഫെർഡിനാൻഡോ വെളിപ്പെടുത്തിയിരുന്നു.
പാർലമെന്ററി മേൽന്നോട്ട സമിതിക്കു മുന്നിലാണ് വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ആരോപണം ശ്രീലങ്കൻ പ്രസിഡന്റ് തള്ളി. സംഭവം വിവാദമായതോടെ പ്രസ്താവന പിൻവലിച്ച ഫെർഡിനാൻഡോ ഇലക്ട്രിസിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചു. രാമേശ്വരത്തോട് അടുത്തു കിടക്കുന്ന ശ്രീലങ്കയുടെ വടക്കു കിഴക്കൻ മാന്നാറിൽ 500 മെഗാവാട്ടിന്റെ കാറ്റാടി പാടം നിർമ്മിക്കാനാണ് ആദാനി ഗ്രൂപ്പ് കരാർ നേടിയത്.ഇന്ത്യൻ ഹൈ കമ്മീഷനു മുന്നിലേക്ക് വ്യാഴാഴ്ച നൂറു കണക്കിന് യുവാക്കളാണ് മാർച്ച് ചെയ്തത്. ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ അനാവശ്യമായി ഇടപെടുന്നുവെന്നാണ് പ്രക്ഷോഭകാരികൾ പറയുന്നത്. ശ്രീലങ്കയുടെ അഭ്യർത്ഥന മാനിച്ചാണ് നിക്ഷേപത്തിനു തയ്യാറായത് എന്നാണ് ആദാനി ഗ്രൂപ്പ് വിശദീകരിക്കുന്നത്.
സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. ഇതോടെ ഗോതാബയ രാജപക്സയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രക്ഷോഭകാരികൾ വിഷയം ഏറ്റെടുത്തു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ 'പീപ്പിൾസ് പവർ' എന്ന സംഘടനയിലെ അംഗമാണ് അദ്ദേഹം. "ടെൻഡർ നടപടികൾ ഒന്നുമില്ലാതെ ആദാനി ഗ്രൂപ്പിന് കരാർ നേടുന്നതിന് ശ്രീലങ്കൻ പാർലമെന്റ് ഇലക്ട്രിസിറ്റി ആക്ടിൽ ഭേദഗതി വരുത്തി." അദ്ദേഹം പറഞ്ഞു. എൻഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "നരേന്ദ്ര മോദിയും ഗോതാബയ രാജപക്സയും ചേർന്ന് സുതാര്യമല്ലാത്തതും നിയമവിരുദ്ധവുമായ കരാർ ഉണ്ടാക്കി, അതിനാൽ ആദാനിക്ക് ടെൻഡർ നടപടികളിലൂടെ കടന്നുപോകേണ്ടതില്ല.
" പ്രക്ഷോഭകാരികളിൽ ഒരാളും സാങ്കേതിക വിദഗ്ദനുമായ നുസ്ലി ഹമീം പറഞ്ഞു. ബുധനാഴ്ച മുതൽ 'സ്റ്റോപ്പ് ആദാനി' എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാർ സമൂഹമാധ്യമങ്ങിളിൽ സജീവമായിരുന്നു. ജൂൺ 16ന് കൊളോംബോയിലെ മജസ്റ്റിക് സിറ്റിയിൽ ഒത്തുകൂടാനായിരുന്നു ആഹ്വാനം. "സംശയാസ്പദമായ കരാറുകൾ നടത്തി ശ്രീലങ്കയിലെ 22 ദശലക്ഷം വരുന്ന ജനങ്ങളെ ഭരണകൂടം ഇരുട്ടത്തു നിർത്തുകയാണ്. പാരമ്പര്യേതര ഊർജ സ്രോതസുകളെ ഞങ്ങൾ എതിർക്കുന്നില്ല. പരിസ്ഥിതി സൗഹൃദ നിലപാടുകൾക്കുവേണ്ടിയാണ് ഞങ്ങളും നിലകൊള്ളുന്നത്. എന്നാൽ ഞങ്ങൾ അഴിമതിയെ ശക്തമായി എതിർക്കും." എന്നാണ് സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയായ അഞ്ജനീ വണ്ടുരാഗല പറഞ്ഞത്.
Find out more: