നാഗാലാൻഡിലെത്തിച്ച് കൊല്ലാനായിരുന്നു അവരുടെ ശ്രമം, വെളിപ്പെടുത്തലുമായി സ്വപ്ന! ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള സഹായത്തോടെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ സമയത്ത് ബെംഗളൂരുവിലേക്ക് കടന്നത്. സന്ദീപ് നായർ, എം ശിവശങ്കർ എന്നിവർ ചേർന്നാണ് കേരളത്തിൽ നിന്നും തന്നെ ബെംഗളൂരുവിലേക്ക് കടത്തിയതെന്ന് സ്വപ്ന വെളിപ്പെടുത്തിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. നാഗാലാൻഡിൽ എത്തിച്ച് തന്നെ ഇല്ലാതാക്കാനായിരുന്നു ശ്രമം നടന്നതെന്ന് സ്വർണക്കട് കേസിലെ പ്രതി സ്വപ്ന സുരേഷ്. ലോക്ക്ഡൗൺ സമയത്ത് സംസ്ഥാനം വിടാനുള്ള പാസിൽ നാല് പേർ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സന്ദീപ്, ജയശങ്കർ, എൻ്റെ രണ്ട് മക്കളുടെയും പേരുകൾ പാസിൽ ഉണ്ടായിരുന്നു. എന്നാൽ, എൻ്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.
എന്തുകൊണ്ടാണ് എൻ്റെ പേര് ഉൾപ്പെടുത്താത്തത് എന്ന് സന്ദീപിനോട് ചോദിച്ചു. 'അതാരും അറിയേണ്ട' എന്നായിരുന്നു സന്ദീപ് മറുപടി നൽകിയതെന്ന് സ്വപന കൂട്ടിച്ചേർത്തു. മറ്റ് ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട സമയത്ത് തന്നെ മനസിലാക്കിയിരുന്നുവെന്ന് സ്വപ്ന പറഞ്ഞു. യാത്രയുടെ ഏതെങ്കിലും ഒരു പോയിൻ്റിൽ അവരെന്ന തീർത്തുകളയുമെന്ന് ബെംഗളൂരുവിൽ എത്തിയപ്പോൾ എനിക്ക് തോന്നിയിരുന്നു. ബെംഗളൂരുവിൽനിന്നു മുംബൈയിൽ എത്തിച്ച്, അവിടെ നിന്നും നാഗാലാൻഡിൽ എത്തിച്ച് തീർത്തുകളയുകയായിരുന്നു അവരുടെ ലക്ഷ്യം. പാസിൽ എൻ്റെ പേരുവിവരങ്ങൾ ഇല്ലാതിരുന്നതിനാൽ ഞാൻ രക്ഷപ്പെട്ടുവെന്ന് വരുത്തിത്തിർക്കുകയായിരുന്നു ഉദ്ദേശം.
സന്ദീപും ശിവശങ്കറും ചേർന്നാണ് ഈ നീക്കം നടത്തിയതെന്നും സ്വപ്ന പറഞ്ഞു. ബെംഗളൂരുവിലേക്കുള്ള യാത്രയിൽ സന്ദീപ് ഫോണിലൂടെ എന്തൊക്കെയോ ഓപറേറ്റ് ചെയ്യുന്നുണ്ടായിരുന്നു. പാസ് എടുത്തത് സന്ദീപ് ആണ്. എങ്ങനെയാണ് പാസ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്നും സ്വപ്ന പറഞ്ഞു. യാത്രയ്ക്കിടെ സന്ദീപ് ഉപദ്രവിച്ചു. മുടിയിൽ പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്തു. ഇക്കാര്യം ചോദ്യം ചെയ്യലിൽ എൻഐഎയോട് പറഞ്ഞിരുന്നു. ശിവശങ്കർ സാർ പറഞ്ഞിട്ടാണെന്ന കാരണത്താൽ മക്കളോട് സംസാരിക്കാൻ പോലും സന്ദീപ് അനുവദിച്ചില്ല.
സന്ദീപും ശിവശങ്കറും തമ്മിൽ തുടർച്ചയായി സംസാരിച്ചെങ്കിലും ഫോൺ തനിക്ക് നൽകിയിരുന്നില്ലെന്ന് സ്വപ്ന ആരോപിച്ചു. സ്വപ്നയും സന്ദീപും ബെംഗളൂരുവിലേക്ക് കടന്നത് സന്ദീപിൻ്റെ കാറിലായിരുന്നു. എന്നെ ഒഴിവാക്കിയാൽ മതിയെന്ന ചിന്തയായിരുന്നു ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും മനോരമ ഓൺലൈനോട് സ്വപ്ന പറഞ്ഞു. 2020 ജൂലൈ പതിനൊന്നിനാണ് സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവിൽ നിന്നും എൻഐഎ പിടികൂടിയത്. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കോറംഗല 7 ബ്ലോക്കിലെ സുധീന്ദ്ര റായി എന്നയാളുടെ അപ്പാർട്ട്മെൻ്റ് ഹോട്ടലിലായിരുന്നു സ്വപ്നയുണ്ടായിരുന്നത്.
Find out more: