വൻ വികസനസാധ്യതയുമായി കേരളം; ഒഴുകും മെട്രോ' കൊച്ചിക്കു സ്വന്തം! പരിസ്ഥിതി സൗഹൃദവും ആധുനികവുമായ രണ്ടാമത്തെ ബോട്ടും കരാറുകാരായ കൊച്ചിൻ കപ്പൽശാല കൊച്ചി മെട്രോയ്ക്ക് കൈമാറി. ജൂലൈ അവസാനത്തോടെ മൂന്ന് ബോട്ടുകൾ കൂടി ലഭിച്ചാൽ സർവീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. കൊച്ചി മെട്രോയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വാട്ടർ മെട്രോ യാഥാർഥ്യത്തിലേയ്ക്ക് മെല്ലെ തുഴഞ്ഞെത്തുകയാണ്. ഒരേസമയം, 50 പേർക്ക് നിന്നും 50 പേർക്ക് ഇരുന്നും യാത്ര ചെയ്യാനുള്ള സൗകര്യം ഓരോ ബോട്ടിലുമുണ്ടാകും. ഇത്തരത്തിൽ ഒരു ബോട്ട് നിലവിൽ കെഎംആർഎലിൻ്റെ കൈവശമുണ്ട്. വിവിധ റൂട്ടുകളിൽ പരീക്ഷണ ഓട്ടം തുടരുന്ന ഈ ബോട്ടിൽ മെട്രോ കോച്ചിലേതു പോലുള്ള സീറ്റുകളും അനൗൺസ്മെൻ്റ് സംവിധാനവുണ്ട്. കാറ്റമറൻ ശൈലിയിലുള്ള ബോട്ടുകൾ ബാറ്ററിയും ഇലക്ട്രിക് മോട്ടറും ഉപയോഗിച്ച് പ്രവർത്തിക്കും.






  ഇതോടൊപ്പമുള്ള ഡീസൽ മോട്ടർ കൂടി ഉപയോഗിച്ച് ഹൈബ്രിഡ് രീതിയിലും ബോട്ടിനു പ്രവർത്തിക്കാം. എട്ട് നോട്ടിക്കൽ മൈൽ ആണ് ബോട്ടുകളുടെ വേഗം. ജിപിഎസ് ഉപയോഗിച്ച് ഓരോ ബോട്ടിൻ്റെയും സ്ഥാനവും കൃത്യമായി കണ്ടെത്താം. മെട്രോ കോച്ചുകൾക്ക് തുല്യമായ സൗകര്യങ്ങളുള്ള 23 ബോട്ടുകൾ ഉപയോഗിച്ച് നഗരത്തോടു ചേ‍ർന്നുള്ള ദ്വീപുമേഖലകളിലും കനാലുകളിലൂടെയും മെട്രോയെ പൊതുജനവുമായി അടുപ്പിക്കുകയാണ് വാട്ടർ മെട്രോ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് വാട്ടർ മെട്രോ എന്ന ആശയം നടപ്പാക്കുന്നത്. കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകൾ തയ്യാറായിട്ടുണ്ട്. ആദ്യഘട്ടത്തിലുള്ല വൈപ്പിൻ, ബോൾഗാട്ടി, ഹൈക്കോടതി, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നീ ജെട്ടികളും ഉടൻ പൂർത്തിയാകും.





  കാക്കനാട് - വൈറ്റില റൂട്ടിൽ ഡ്രഡ്ജിങും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ജീവനക്കാരുടെ പരിശീലനവും പൂർത്തിയായി വരികയാണ്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി 38 ടെർമിനലുകൾ അഥവാ ജെട്ടികളാണ് വാട്ടർ മെട്രോയ്ക്ക് ഉണ്ടാകുക.  38 ജെട്ടികളെ ബന്ധിപ്പിച്ച് പതിനഞ്ച് റൂട്ടുകളിൽ സർവീസ് നടത്താനാണ് കെഎംആ‍ർഎലിൻ്റെ പദ്ധതി. മെട്രോ ട്രെയിൻ പോലെ 10 രൂപയാണ് കുറഞ്ഞ ടിക്കറ്റ്. ഒരേ കാർഡ് ഉപയോഗിച്ച് ബോട്ടിലും ട്രെയിനിലും കയറാമെന്നതിനു പുറമെ വൈറ്റില അടക്കമുള്ള സ്റ്റേഷനുകളിൽ ഇരുസർവീസുകളും പരസ്പരം ബന്ധിക്കപ്പെടുകയും ചെയ്യും. ഇതോടെ മെട്രോയുടെ കണക്ടിവിറ്റിയും വർധിക്കും. 2035ഓടു കൂടി പ്രതിദിനം ഒന്നര ലക്ഷം യാത്രക്കാരെയാണ് വാട്ടർ മെട്രോ ലക്ഷ്യമിടുന്നത്. വാട്ടർ മെട്രോ കൂടി വരുന്നതോടെ കൊച്ചിയ്ക്ക് വലിയ വികസനസാധ്യതയാണ് വരുന്നതെന്നായിരുന്നു ഒരു മാസം മുൻപ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചത്. 






  ജില്ലയിലെ ജനപ്രതിനിധികൾ അടക്കം പദ്ധതിയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഫോർട്ട് കൊച്ചി അടക്കമുള്ള വിനോദസഞ്ചാരമേഖലകളെ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്നതോടെ ടൂറിസം രംഗത്തും വാട്ടർ മെട്രോ വലിയ മുതൽക്കൂട്ടായേക്കും. അതേസമയം, ദ്വീപുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കൊച്ചിയ്ക്ക് ജലഗതാഗതമാണ് ഏറ്റവും മികച്ച മാർഗമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. നിലവിൽ ജലതഗതാഗത വകുപ്പും സ്വകാര്യ ഓപ്പറേറ്റർമാരും ചേർന്നാണ് മേഖലയിലെ ബോട്ടുഗതാഗതം കയ്യാളുന്നത്. ഈ രംഗത്തെ ആധുനികമുഖമായിരിക്കും വാട്ടർ മെട്രോ.
 

Find out more: