വിധവയാകുന്നത് വിധിയാണെന്ന് സിപിഎം; രമയെ യുഡിഎഫ് സംരക്ഷിക്കുമെന്ന് സതീശൻ! ഒരു സ്ത്രീ വിധവ ആകുന്നത് വിധിയാണെന്ന് സി പി എം വിശ്വസിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും ഉൾപ്പെടെയുള്ളവർ നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. വടകര എംഎൽഎ കെ കെ രമയ്ക്കെതിരെ എം എം മണി നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. "പിണറായിയുടെ അറിവോടെയാണ് മണി ഇത്തരത്തിലുള്ള അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തുന്നത്. ഒരു സ്ത്രീ വിധവ ആകുന്നത് വിധിയാണെന്ന് സി പി എം വിശ്വസിക്കുന്നുണ്ടോ? ഇക്കാര്യത്തിൽ സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും ഉൾപ്പെടെയുള്ളവർ നിലപാട് വ്യക്തമാക്കണം.
അങ്ങനെയെങ്കിൽ ഭർത്താവ് മരിച്ച സ്ത്രീ സതി അനുഷ്ഠിക്കണമെന്നും നിങ്ങൾ പറയും. ഇത്രയും പിന്തിരിപ്പൻ ആശയം തലയിലേറ്റി നടക്കുന്നവരാണോ കേരളത്തിലെ സി പി എം നേതൃത്വം. ഇത്രയും പിന്തിരിപ്പൻ ആശയങ്ങളുമായാണ് നടക്കുന്നതെങ്കിൽ നിങ്ങൾ ഒരു പുരോഗമന പാർട്ടിയാണെന്ന് ഒരിക്കലും അവകാശപ്പെടാൻ സാധിക്കില്ല." വി ഡി സതീൻ പറഞ്ഞു. എം എം മണിയുടെ ഭാഷ പുലയാട്ട് ഭാഷയാണെന്നാണ് സി പി ഐ ഇടുക്കി ജില്ലാ സ്രെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞത്. മണി ഇതിന് മുൻപും സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മണിയുടെ പ്രസ്താവനയ്ക്ക് കുടപിടിച്ചുകൊടുത്ത മുഖ്യമന്ത്രിയുടെ സമീപനം അത്ഭുതപ്പെടുത്തുന്നതാണെന്നും വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് എം എൽ എയായ എം വിൻസെൻറ് നിയമസഭയിൽ ഉപയോഗിച്ച ഒരു ഉപമയെ ഭരണപക്ഷം ചോദ്യം ചെയ്തിരുന്നു.
അപ്പോൾത്തന്നെ ഇത്തരം ഉപമകൾ ഈ കാലഘട്ടത്തിൽ പറയാൻ പാടില്ലാത്തതാണെന്നും പൂർണമനസോടെ പിൻവലിക്കുകയാണെന്നും വിൻസെൻറ് പറഞ്ഞു. മുഖ്യമന്ത്രിക്കും സി പി എമ്മിനും 51 വെട്ട് വെട്ടി കൊന്നിട്ടും തീരാത്ത പകയാണ് ടി പി ചന്ദ്രശേഖരൻറെ സഹധർമ്മിണിയോട് കാണിക്കുന്നത്. നാല് ചുറ്റും കാവൽ നിന്ന് ഈ കാപാലികരിൽ നിന്നും കെ കെ രമയെ യു ഡി എഫ് സംരക്ഷിക്കും. ചന്ദ്രശേഖരൻറെ പ്രിയ പത്നിയായ കെ കെ രമ കേരളത്തിൻറെ പ്രിയപുത്രിയാണ്. മണിയുടെ വിവാദവും ഭരണഘടനാവിരുദ്ധ പ്രസംഗവും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും എ കെ ജി സെൻററിലേക്ക് ഓലപ്പടക്കം എറിഞ്ഞതും എല്ലാം സ്വർണക്കള്ളക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന ചോദ്യമാണ് ഉയരുന്നത്.
ആര് എങ്ങനെ ശ്രമിച്ചാലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ ഓഫീസിനും എതിരായ ആരോപണത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. ദേശീയ പാതയിലാണോ അതോ സംസ്ഥാന പാതയിലണോ ഏറ്റവും വലിയ കുഴിയെന്ന സംവാദമാണ് സി പി എമ്മും ബി ജെ പിയും തമ്മിൽ നടക്കുന്നത്. ഇത് വലിയ ആശയ സംവാദമെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. അതിനിടയിൽ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ ഒത്ത് തീർപ്പുണ്ടാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Find out more: