2030ൽ മുപ്പത് എംഎൽഎമാരുമായി നിയമസഭയിലെത്തുമെന്ന് ജോസ് കെ മാണി! സംഘടനയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി കേഡർ സ്വഭാവത്തിലേക്ക് മാറും. ദേശീയത നിലനിർത്താൻ പ്രാദേശിക പാർട്ടികളുടെ വളർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  2030ൽ മുപ്പത് എംഎൽഎമാരുമായി നിയമസഭയിലെത്തുമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. അതേസമയം, ബഫർ സോൺ വിഷയത്തിൽ ഗ്രൗണ്ട് സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് (സിഇസി) നൽകാനുള്ള റിപ്പോർട്ട് തയാറാക്കുന്നതിൽ സാറ്റലൈറ്റ് സർവേയക്ക് പകരം വില്ലേജ്- പഞ്ചായത്ത് സമിതികൾ രൂപീകരിച്ച് ഗ്രൗണ്ട് സർവേ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിനൊപ്പം മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 





  കേരളാ കോൺഗ്രസ് എം കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് 2030ഓടെ പാർട്ടി ശക്തമായ നിലയിലെത്തുമെന്ന് വ്യക്തമാക്കിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് പൂർണമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ രഞ്ജിത് തോമസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. കേരളത്തിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ ബഫർ സോണുകളിലും സമാനമായ പഠനം നടത്തുന്നതിന് 2013-ലെ അതേമാതൃകയിൽ പഞ്ചായത്തുതല വിദഗ്ധസമിതികൾ രൂപീകരിക്കാനുള്ള അടിയന്തര ഉത്തരവ് ഉണ്ടാകണമെന്ന് ജോസ് കെ മാണി പറഞ്ഞു. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ പുനപരിശോധനാ ഹർജി നൽകിയ സംസ്ഥാന സർക്കാർ നടപടിയെ കേരളാ കോൺഗ്രസ്സ് (എം) സ്വാഗതം ചെയ്തു. 





ഗാഡ്ഗിൽ കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടുകളുടെ ഭാഗമായുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി അതിലുൾപ്പെട്ട വില്ലേജുകളിൽ ഗ്രൗണ്ട് സർവേയും പഠനവും നടത്താൻ 2013ൽ സംസ്ഥാന സർക്കാർ പഞ്ചായത്ത് വില്ലേജ് തലത്തിൽ വിദഗ്ധ സമിതികൾ രൂപീകരിച്ചിരുന്നുവെന്ന് ജോസ് കെ മാണി കൂട്ടിച്ചേർത്തു. ഈ സമിതികൾ നിർദിഷ്ട സമയത്തിനുള്ളിൽ തയ്യാറാക്കി നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം സംസ്ഥാന സർക്കാർ സി.ഇ.സിക്ക് റിപ്പോർട്ട് നൽകേണ്ടത്.





കേരളത്തിലെ ബഫർ സോണിലെ നിരവധി വില്ലേജുകൾ ഗാഡ്ഗിൽ കസ്തൂരിരംഗൻ കമ്മിറ്റി നിർദേശിച്ച വില്ലേജുകൾ തന്നെയായതിനാൽ സി.ഈ.സി.ക്ക് നൽകേണ്ട റിപ്പോർട്ട് വേഗത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുമെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ വ്യക്തമാക്കി. ഇത്തരമൊരു തീരുമാനം സർക്കാർ എടുത്ത ശേഷം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനായി കൂടുതൽ സമയം സുപ്രീം കോടതിയിൽ നിന്നും നേടിയെടുക്കാമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയതായി അദ്ദേഹം പറഞ്ഞു.b
 

Find out more: