രജനികാന്തിന്റെ പാർട്ടിയിൽ ചേറാൻ ബിജെപി വിട്ടു, ഏറ്റവുമൊടുവിൽ തിരികെ ബിജെപിയിലേക്ക് തന്നെ! തിങ്കളാഴ്ച ചെന്നൈ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ എത്തിയാണ് പാർട്ടി പ്രവേശനം നടത്തിയത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലയുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടിയിലെത്തിയത്.തമിഴ് സൂപ്പർതാരം രജനികാന്തിന്റെ അടുത്ത അനുയായിയും രാഷ്ട്രീയ നേതാവുമായ രാ അർജുനമൂർത്തി വീണ്ടും ബിജെപിയിൽ എത്തി.2021 ഫെബ്രുവരി മാസത്തിലാണ് അർജുന മൂർത്തി ഇന്തിയ മക്കൾ മുന്നേട്ര കക്ഷി എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. പാർട്ടിയും ഛിഹ്നവും രൂപീകരിച്ചതിന് ശേഷം രജനികാന്തിന്റെ ആരാധകരോട് പാർട്ടിയിലേക്ക് വരാൻ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾ എന്നത് സമത്വം, സമർപ്പണം എന്നിവയെ ചുറ്റിപ്പറ്റിയാകും എന്നും അദ്ദേഹം പറഞ്ഞിരുന്നു.





  പിന്നീട്, രജനികാന്ത് രാഷ്ട്രീയ പാർട്ടി തുടങ്ങുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ പാർട്ടിയുടെ ചീഫ് കോഡിനേറ്ററായി നിരവധി ആളുകളെ ഞെട്ടിക്കുകയും ചെയ്തു. എന്നാൽ, 2020 ഡിസംബർ 29ന് രാഷ്ട്രീയ പ്രവേശ തീരുമാനം ഉപേക്ഷിച്ചതോടെ അർജുനമൂർത്തി പെരുവഴിയിൽ ആയി. എന്നാൽ, വൈകാതെ തന്നെ സ്വന്തമായി ഒരു പാർട്ടിയുമായി അദ്ദേഹം രംഗത്തുവരികയായിരുന്നു. രജനികാന്തിന്റെ അടുത്ത അനുയായി ആകുന്നതിന് മുൻപ് തമിഴ്നാട് ബിജെപിയുടെ ബൗദ്ധിക സെല്ലിന്റെ തലവൻ ആയിരുന്നു. അതിന് പുറമെ ആർഎസ്എസ് നേതാക്കളുമായും ദേശീയ ബിജെപി നേതാക്കളുമായും വളരെ അടുത്ത ബന്ധം അദ്ദേഹം പുലർത്തിയിരുന്നു. അന്ന് തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ നിർധനരായ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് ഐഎംഎംകെ സ്ഥാപകൻ അർജുനമൂർത്തി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.




 “ഗ്രാമങ്ങളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് യുവാക്കളെ സഹായിക്കുന്ന വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസർമാരെ കൊണ്ടുവരും. പത്താം ക്ലാസ് വരെ കാർഷിക വിദ്യാഭ്യാസം നിർബന്ധമാക്കും. 18 വയസ്സിന് മുകളിലുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് പാസിനൊപ്പം പെട്രോൾ കാർഡും ലഭിക്കും,” എന്നെല്ലാമാണ് അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ. പിന്നാലെ പുതിയ പാർട്ടി എന്ന ആശയവും പച്ചപിടിക്കുന്നില്ലെന്ന് കണ്ടതോടെയാണ് ബിജെപിയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. പാർട്ടി രൂപീകരണത്തിന് പിന്നാലെ അർജുന മൂർത്തിയെ അഭിനന്ദിച്ച് രജനികാന്തും രംഗത്തുവന്നിരുന്നു.





 സ്വതന്ത്ര പാർട്ടി രൂപീകരിച്ച അർജുന മൂർത്തിക്ക് എന്റെ എല്ലാവിധ പിന്തുണയും നൽകുന്നുവെന്നായിരുന്നു രജനികാന്തിന്റെ വാർത്താക്കുറിപ്പ്.സന്തോഷത്തോടെയാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നത് എന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് അർജുനമൂർത്തിയുടെ പ്രവർത്തനങ്ങൾ എന്നും ബിജെപി നേതൃത്വം പറഞ്ഞു. അദ്ദേഹത്തെ തിരികെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അണ്ണാമലൈ മാധ്യമങ്ങളോട് വ്യക്തമാക്കി.

Find out more: