പോലീസ് സംരക്ഷണം നൽകിയില്ല'; ഇ പി ജയരാജനെതിരായ പരാതിയിൽ ഫർസിൻ മജീദ് മൊഴി നൽകാനെത്തി! കൊല്ലം പോലീസ് ക്ലബിൽ എത്തിയാണ് മൊഴി നൽകുന്നത്. തങ്ങൾക്ക് വധഭീഷണി ഉണ്ടെന്നും പോലീസ് സംരക്ഷണം നൽകിയില്ലെന്നും ഫർസീൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളുടെ അകമ്പടിയിലാണ് ഫർസിൻ പോലീസ് ക്ലബിലെത്തിയത്.എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വിമാനത്തിൽവെച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ് മൊഴി നൽകാൻ ഹാജരായി. ഫർസിന് ഒപ്പമുണ്ടായിരുന്ന നവീൻ കുമാറിന് നോട്ടീസ് നൽകിയെങ്കിലും 26-ാം തീയതി ഹാജരാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വലിയതുറ സിഐ സതികുമാറാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇ പി ജയരാജനും അംഗരക്ഷകരും ചേർന്ന് വിമാനത്തിൽ വെച്ചു മർദിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് പോലീസ് മൊഴിയെടുക്കുന്നത്.
ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുള്ളതിനാലാണ് ഫർസിൻ കൊല്ലത്ത് എത്തി മൊഴി നൽകുന്നത്. യാത്രയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും ഡിജിപിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ തങ്ങൾക്ക് വധഭീഷണി ഉണ്ടെന്നും പോലീസ് സംരക്ഷണം നൽകിയില്ലെന്നും ഫർസിൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു.
മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവർ ശ്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ ആർകെ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസ്. എന്നാൽ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
യൂത്ത് കോൺഗ്രസിൻ്റെ പത്തിലേറെ പരാതികൾ ലഭിച്ചെങ്കിലും ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്ക് പോലീസ് മേധാവി കൈമാറിയെങ്കിലും തുടർനടപടിയുണ്ടായില്ല.സംഭവത്തിൽ ആരെങ്കിലും പരാതി നൽകിയിട്ട് കാര്യമില്ല എന്ന നിലപാടിലാണ് പോലീസുള്ളതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ ഇ പി ജയരാജൻ തള്ളിമാറ്റിയ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് പരാതി നൽകേണ്ടതെന്ന വാദത്തിലാണ് പോലീസ്. ഇവർ പരാതി നൽകിയാൽ പരിശോധിക്കാമെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപി ജയരാജനെതിരെ കേസെടുക്കാൻ പോലീസ് മടിക്കുന്നത്.
Find out more: