പൊലീസ് വയലൻസ് ആസ്വദിക്കുന്ന ഭരണാധികാരികൾ ഇവരോ? കേരളത്തിലെ പോലിസ് ക്രൂരതകളുടെ പട്ടികയിൽ കൊച്ചുണ്ണിയെ ഫസ്റ്റ് നമ്പറായി എണ്ണാം. കേരളത്തിന്റെ ചരിത്രത്തിൽ ചർച്ച ചെയ്യപ്പെട്ട ആദ്യത്തെ കസ്റ്റഡി കൊലപാതകമെന്ന നിലയിൽ. ദിവാൻ ടി മാധവറാവുവിന്റെ പരിശ്രമങ്ങളാണ് കൊച്ചുണ്ണിയെ കുടുക്കിയതും കസ്റ്റഡിയിൽ മരണപ്പെടുന്നതിന് വഴിയൊരുക്കിയതും. ഇതിനായി അദ്ദേഹം ആറാട്ടുപുഴ വേലായുധപ്പണിക്കർ അടക്കമുള്ളവരുടെ സഹായം തേടിയതായി പറയപ്പെടുന്നു. പിന്നീട് 1970-കളിൽ അടിയന്തിരാവസ്ഥയുടെ കാലത്താണ് കേരളത്തിലെ പോലിസിന്റെ നരനായാട്ടിന് നാം സാക്ഷിയായത്. കേരളം കണ്ട ഏറ്റവും കൗശലക്കാരനായ മുഖ്യമന്ത്രിയെന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന കെ കരുണാകരന് ഏറ്റവും കൂടുതൽ വിമർശനം നേരിട്ട ആഭ്യന്തരമന്ത്രിയെന്ന പ്രതിച്ഛായയുണ്ടാക്കിയതും അദ്ദേഹത്തിന്റെ പോലിസ് സേന തന്നെയായിരുന്നു.




  1977-ൽ കോഴിക്കോട് എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിയായിരുന്ന രാജനെ പിടിച്ചുകൊണ്ടുപോയ പോലിസ് എന്തുചെയ്തു എന്ന് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. ഈച്ചരവാര്യരെന്ന പിതാവിന്റെ കണ്ണീരിന് മറുപടി ആവശ്യപ്പെട്ട് കേരള ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തിൽ കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനവും തെറിച്ചു. എന്നാൽ രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കരുണാകരന് അറിവില്ലായിരുന്നുവെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം പുറത്തുപോയതിനെ തുടർന്നാണ് പോലിസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടതെന്നുമാണ് കരുണാകരന്റെ പക്ഷം പിടിക്കുന്നവർ വാദിക്കുന്നത്.2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം വലിയ തോതിലുള്ള കസ്റ്റഡിമരണങ്ങളും നിഷ്ഠുരമായ സംഭവങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചെറിയ പെറ്റിക്കേസുകളുടെ പേരിൽ പിടിക്കപ്പെടുന്ന സാധാരണക്കാർ പോലും അതിക്രൂരമായി മർദ്ദിക്കപ്പെടുകയും കൊലചെയ്യപ്പെടുന്നതുമൊക്കെ പതിവായി; ഇപ്പോഴും ഈ പ്രവണത ശക്തമായിത്തന്നെ തുടരുന്നു.





ഉത്തരേന്ത്യൻ വാർത്തകളിൽ മാത്രം നമ്മൾ കേട്ടുപരിചയിച്ച വ്യാജ ഏറ്റുമുട്ടൽ കൊലകൾ അരങ്ങേറിയതും ഈ മുഖ്യന്റെ കാലത്താണ്. 2016 നവംബർ 24ന് മാവോയിസ്റ്റ് പ്രവർത്തകർ അജിതയെയും കുപ്പുദേവരാജിനെയും നിലമ്പൂരിൽ വെച്ച് പോലിസ ഏറ്റുമുട്ടലിലൂടെ വധിച്ചത് ഇതിന് ഉദാഹരണമാണ്. ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് പരക്കെ ആരോപിക്കപ്പെട്ടു. വയനാട്ടിൽ വെച്ച് മാവോയിസ്റ്റ് പ്രവർത്തകൻ സി പി ജലീലിനെ പോലിസ് വെടിവെച്ചു കൊന്നതും സർക്കാരിന് വലിയ തലവേദനയുണ്ടാക്കി. പിണറായി സർക്കാരിനെതിരെ മുന്നണിയിൽ നിന്ന് തന്നെ വലിയ വിമർശനം നേരിട്ടിരുന്നു. പിണറായി മന്ത്രിസഭ അധികാരത്തിലേറി വെറും നാലുമാസം കൊണ്ട് തന്നെ ആദ്യത്തെ കസ്റ്റഡി മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം വണ്ടൂരിൽ നിന്ന് ടയർ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അമ്പതുവയസുകാരനായ അബ്ദുൽ ലത്തീഫിനെ അറസ്റ്റ് ചെയ്ത പോലിസ് ക്രൂരമായി മർദ്ദിച്ചു കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നത്. 





ലത്തീഫ് കുളിമുറിയിൽ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലിസ് പ്രചരിപ്പിച്ചത്. പിന്നീടും മോഷണക്കുറ്റം ആരോപിച്ച് പിടികൂടുന്നവർ കസ്റ്റഡിയിൽ അതിദാരുണമായി കൊലചെയ്യപ്പെടുന്ന സംഭവങ്ങൾ നിരവധിയുണ്ടായി. 2016-ൽ തലശ്ശേരിയിൽ പോലിസ് കസ്റ്റഡിയിലെടുത്ത സേലം സ്വദേശി കാളിമുത്തുവും 2017-ൽ സെപ്തംബർ ഏഴിന് കൊല്ലം നൂറനാട് സ്വദേശി രാജുവും 2018ൽ കോഴിക്കോട് മെഡിക്കൽകോളജ് പോലിസ് അറസ്റ്റ് ചെയ്ത തമിഴ്‌നാട്‌സ്വദേശി സ്വാമിനാഥനും മോഷണക്കുറ്റത്തിന്റെ പേരിലാണ് പോലിസ് പിടികൂടിയിരുന്നത്. സദാചാരവാദത്തിന്റെയും ജാതിയുടെയും പേരിലുള്ള പീഡനങ്ങളിലും പോലിസുകാർ മുൻപന്തിയിലാണ്.

Find out more: