മന്ത്രിയെ പിൻവലിക്കണമെന്ന കത്ത് പുച്ഛത്തോടെ തള്ളിക്കളയണം'; വിമർശനവുമായി പ്രതിപക്ഷം! യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് ഗവർണറും സർക്കാരും കൂട്ടായി നടത്തിയ വി.സി നിയമനങ്ങളൊക്കെ നിയമവിരുദ്ധമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഗവർണർക്കും സർക്കാരിനും എതിരെയാണ് സുപ്രീംകോടതി വിധി. യുഡിഎഫ് കാലങ്ങളായി ഉന്നയിച്ച ആരോപണങ്ങൾ അടിവരയിടുന്നതാണ് ഈ വിധിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൂട്ടുകച്ചവടം നടത്തിയവർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുകയാണ്. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ഗവർണർ തീരുമാനിച്ചപ്പോൾ 11 അംഗങ്ങളെ മാത്രമെ പിൻവലിക്കാൻ അധികാരമുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഡിപ്പാർട്ട്‌മെന്റ് തലവൻമാരായ നാല് പേരെ ഗവർണർക്ക് പിൻവലിക്കാനാകില്ല. സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചാൽ അത് നാട്ടിലെ നിയമമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ എവിടെയെങ്കിലും ഒരു മന്ത്രിയെ പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ടോ? വേണമെങ്കിൽ സെനറ്റ് അംഗങ്ങളെ പിൻവലിക്കാം. നൽകിയ മറുപടി പോരെന്നാണ് തോന്നുന്നത്. ചുട്ട മറുപടി നൽകണമായിരുന്നു. മന്ത്രിയെ മാറ്റണമെന്ന ഗവർണറുടെ കത്ത് അർഹിക്കുന്ന പുച്ഛത്തോടെ തള്ളക്കളയണം. ഗവർണറുടെ നടപടികൊണ്ട് ഒരു ഭരണപ്രതിസന്ധിയും ഉണ്ടാകില്ല. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിച്ചാൽ അത് തെറ്റാണെന്ന് പ്രതിപക്ഷം പറയും. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ദൈവമൊന്നുമല്ല ഗവർണർ. മന്ത്രിമാർക്കും മുൻപെ ഗവർണറെ വിമർശിച്ചിട്ടുള്ളത് പ്രതിപക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം വി.സിമാരുടെ അക്കാദമിക് യോഗ്യതകളല്ല, അവരെ നിയമിച്ചതിലെ നടപടിക്രമത്തെയാണ് ചോദ്യം ചെയ്തതെന്ന് വി ഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ വരുമാനത്തെ ഗവർണർ പരിഹസിക്കുമ്പോൾ ധനകാര്യമന്ത്രിക്ക് മറുപടി നൽകേണ്ടി വരും. ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നും കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകരുതെന്നും പ്രതിപക്ഷം ഗവർണറോട് പറഞ്ഞു. പക്ഷെ മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഇത് രണ്ടും ചെയ്തു. കണ്ണൂർ വി.സി നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ പിന്നീട് പറഞ്ഞു. എന്നിട്ടും ആ വി.സിയോട് ഇത് വരെ രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ രാജിവയ്പ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. സർക്കാരും ഗവർണറും ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പമാണോ ഗവർണറോടൊപ്പമാണോ പ്രതിപക്ഷമെന്ന ചോദ്യത്തിന് പ്രസക്തയില്ല. ഇവർക്ക് ആർക്കും ഒപ്പം നിൽക്കാതെ തന്നെ നിലപാടെടുക്കാനുള്ള ശേഷി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട്. ഗവർണർക്ക് അധികാരമില്ലാത്ത കാര്യങ്ങൾ ചെയ്താൽ ഗവർണറെ ചോദ്യം ചെയ്യും. മുഴുവൻ അനധികൃത നിയമനങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ഒന്നിച്ചാണ് ചെയ്തതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. എന്നു മുതലാണ് പിണറായി ഗവർണറുമായി തെറ്റിയത്?
ഗവർണർ ഏറ്റവുമധികം അധിക്ഷേപിച്ചത് പ്രതിപക്ഷ നേതാവിനെയായിരുന്നു. അന്ന് ഇവർ കൂട്ടുകച്ചവടമായിരുന്നു. ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നും കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകരുതെന്നും പ്രതിപക്ഷം ഗവർണറോട് പറഞ്ഞു.എല്ലാത്തിനും ഗവർണറെയും സർക്കാരിനെയും എതിർക്കുന്നതല്ല പ്രതിപക്ഷ നിലപാട്. തെറ്റിനെ എതിർക്കുക എന്നതായിരിക്കണം നിലപാട്. കേരളത്തിൽ ക്രിയാത്മകമായ പുതിയ രാഷ്ട്രീയം ഉണ്ടാകട്ടെ. കേരളത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് പ്രതിപക്ഷമാണ്. ഇങ്ങനെ സർഗാത്മകമായ നിലപാട് ഏത് പ്രതിപക്ഷമാണ് എടുത്തിട്ടുള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു.ഗവർണർക്കെതിരെ റോഡിലിറങ്ങി പ്രതിഷേധം നടത്തേണ്ട ആവശ്യമില്ല.
ഭരണകക്ഷി റോഡിലിറങ്ങുന്നത് ഗവർണർക്കെതിരെയല്ല, സുപ്രീം കോടതി വിധിക്കെതിരെയാണ്. സുപ്രീം കോടതി വിധി അനുസരിക്കില്ലെന്നാണ് സി.പി.എമ്മും സർക്കാരും പറയുന്നത്. സുപ്രീം കോടതി വിധി സാങ്കേതിക സർവകലാശാലയ്ക്ക് എതിരെ മാത്രമല്ല മാനദണ്ഡങ്ങൾ ലംഘിച്ച എല്ലാ സർവകലാശാലകളിലും ബാധകമാണ്. സുപ്രീം കോടതി വിധി വന്നപ്പോൾ നിങ്ങൾക്ക് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടില്ലേ എന്നാണ് ഹൈക്കോടതിയും ചോദിച്ചത്. വിധിയെ ന്യായീകരിക്കാൻ പറ്റാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവിന് സങ്കുചിത മനസാണെന്ന് എം.ബി രാജേഷ് പറയാൻ കാരണം. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾക്ക് അടിവരയിട്ടുകൊണ്ടൊരു വിധി വരുമ്പോൾ സുപ്രീം കോടതിക്കെതിരെ എങ്ങനെയാണ് സംസാരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.
കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച നവോത്ഥാന മതിലിൽ പങ്കെടുത്ത വനിതയാണ് നരബലിയിലെ പ്രതിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സി.പി.എമ്മിന്റെ എല്ലാ പ്രകടനങ്ങൾക്കും ചുവന്ന കൊടിയും പിടിച്ച് മുന്നിൽ നടന്ന ആളാണ് മറ്റൊരു പ്രതി. ആ നവോത്ഥാന മതിലും നവോത്ഥാന പ്രസ്ഥാനവുമാണ് കേരളത്തിന് നാണക്കേടുണ്ടാക്കിയത്. നരഭോജികളുടെ നാടാണ് കേരളമെന്ന് ഒരു പത്രത്തിൽ വന്നു. എന്തൊരു അപമാനകരമാണിത്. 33 വർഷക്കാലത്തെ ബംഗാളിലെ സി.പി.എം ഭരണത്തിന്റെ അന്ത്യ നാളുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് കേരളത്തിലെ ഭരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Find out more: