മദ്യവില വർധിപ്പിക്കാനുള്ള തീരുമാനം കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുമെന്ന് പ്രതിപക്ഷ നേതാവ് വിടി സതീശൻ! മദ്യവില അമിതമായി വർധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാർത്ഥ്യവും സർക്കാർ കാണാതിരിക്കരുത്. ലഹരിവിരുദ്ധ കാമ്പയിൻ നടത്തുന്ന സർക്കാർ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.മദ്യവില വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മദ്യ കമ്പനികൾ നൽകേണ്ടിയിരുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതിനെ തുടർന്നുണ്ടാകുന്ന 150 കോടി രൂപയുടെ വരുമാന നഷ്ടം പരിഹരിക്കാനാണ് മദ്യവില കൂട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ വർധന കൂടിയാകുമ്പോൾ വിദേശ മദ്യത്തിനുള്ള വിൽപന നികുതി 247 ശതമാനത്തിൽ നിന്നും 251 ശതമാനമായി വർധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മദ്യവില കൂട്ടിയാലും ഉപഭോഗം കുറയില്ലെന്നതാണ് നമുക്ക് മുന്നിലുള്ള യാഥാർത്ഥ്യം. അതുകൊണ്ടു തന്നെ മദ്യപിക്കുന്നവർക്ക് തന്റെ വരുമാനത്തിലൈ നല്ലൊരു ഭാഗം മദ്യത്തിനായി നൽകേണ്ടി വരും. ഇത് വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി നീക്കി വയ്ക്കുന്ന തുകയിൽ കുറവുണ്ടാക്കുകയും കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ എത്തിയ എൽഡിഎഫ് അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല പൂട്ടിക്കിടന്ന 407 ബാറുകൾ തുറക്കുകയും 118 പുതിയ ബാറുകൾക്ക് പുതുതായി അനുമതി നൽകുകയും ചെയ്തു. സർക്കാരിന്റെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയെയും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പകരമായി മദ്യ വില അടിക്കടി വർധിപ്പിക്കുന്നത് തെറ്റായ സാമ്പത്തികശാസ്ത്ര രീതിയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.മദ്യ ഉപഭോക്താവിന് ഇരുട്ടടിയാകുന്ന ഈ വർധനവ് മദ്യ കമ്പനികളെ സഹായിക്കാൻ വേണ്ടി മാത്രമാണ്. ഇത് പകൽക്കൊള്ളയാണെന്നതിൽ തർക്കമില്ല.
വൻകിട മദ്യകമ്പനികൾക്കു വേണ്ടി വിറ്റുവരവ് നികുതി ഒഴിവാക്കിക്കൊടുക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് വി ഡി സതീശൻ പറഞ്ഞു.ഡിസംബർ ഒന്ന് മുതൽ പാൽ വില ലിറ്ററിന് ആറ് രൂപ കൂട്ടാനാണ് തീരുമാനം. ഇതിൽ 5.02 രൂപ ക്ഷീര കർഷകർക്ക് നേരിട്ട് നൽകുമെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ഏറെക്കാലമായി നഷ്ടം സഹിക്കുന്ന ക്ഷീരകർഷകർക്ക് ഇത് ചെറിയൊരു ആശ്വാസമാകും. കർഷകർക്ക് അഞ്ച് രൂപ ഇൻസെന്റീവ് നൽകുമെന്ന സർക്കാർ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ല.
Find out more: