അണുൺ ഗോയലിനെ നിയമിക്കാൻ എന്താണിത്ര തിടുക്കം? തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രീംകോടതി! അന്തിമ പട്ടികയിലുണ്ടായിരുന്ന നാല് പേരിൽ നിന്നും എങ്ങനെയാണ് അരുൺ ഗോയലിനെ തെരഞ്ഞെടുത്തത് എന്നാണ് കോടതി ഉന്നയിക്കുന്ന ചോദ്യം. ഒഴിവു വന്ന മെയ് 15 മുതൽ 18 വരെ ഇതുമായി ബന്ധപ്പെട്ടു നടത്തിയ നടപടികൾ വിശദീകരിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി നിയമിച്ച കേന്ദ്ര സർക്കാർ നടപടി പരിശോധിക്കവെ ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.  റിട്ട ഐഎഎസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിച്ചതിലെ തിടുക്കം ചോദ്യം ചെയ്ത് സുപ്രീംകോടതി.




  തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം സുതാര്യമാക്കണമെന്ന ഹർജിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഫയൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് നടപടികളുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ചു. നവംബർ 21നാണ് അരുൺ ഗോയൽ തെരഞ്ഞെടുപ്പ് കമ്മീഷനായി ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കവെയാണ് അരുൺ ഗോയലിനെ കേന്ദ്രം നിയമിച്ചത്."നിയമ മന്ത്രാലയം നാല് പേരുടെ പട്ടിക തയ്യാറാക്കി. ഫയൽ നീക്കിയത് നവംബർ 18ന്. അന്നുതന്നെയാണ് പ്രധാനമന്ത്രി പേര് നിർദ്ദേശിച്ചതും.




  വിഷയത്തിൽ ഏറ്റുമുട്ടലല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. നടപടി തുടങ്ങിയതും പൂർത്തിയാക്കിയതും ഒരേ ദിവസമാണ്. എന്തിനായിരുന്നു ഇത്ര ധൃതി?" കോടതി ചോദിച്ചു. അരുൺ ഗോയലിന്റെ യോഗ്യതയെക്കുറിച്ചല്ല തങ്ങളുടെ ചോദ്യമെന്നും നിയമന നടപടിയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. അരുൺ ഗോയലിന്റെ നിയമനം ഒഴിവാക്കുകയായിരുന്നു ഉചിതമെന്ന് കോടതി നിരീക്ഷിച്ചു. അധികാരത്തിലുള്ള സർക്കാരുകൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാക്കുകയാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സ്വതന്ത്രവും നിഷ്പക്ഷവുമായ സമിതിക്ക് വിടണമെന്നുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്. 




  ഘനവ്യവസായ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്ന അരുൺ ഗോയലിന് സ്വമേധയാ വിരമിക്കാനുള്ള അവസരം ഒരുക്കി നൽകിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിച്ചതെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഡ്വ പ്രശാന്ത് ഭൂഷൻ ചൂണ്ടിക്കാട്ടി. സ്വയം വിരമിച്ച അരുണിനെ തൊട്ടടുത്ത ദിവസാണ് കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിച്ചത്. സാധാരണഗതിയിൽ വിരമിച്ച ഉഗ്യോഗസ്ഥരെയാണ് ഈ സ്ഥാനത്തേക്ക് നിയമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൻ പറഞ്ഞു. ഇതിനു പിന്നാലെയാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ സമർപ്പിക്കാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് സുപ്രീംകോടതി നിർദ്ദേശിച്ചത്.

Find out more: