പിന്നാക്ക വിഭാഗക്കാർ 60 വർഷത്തിനിടെ കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രിയായിട്ടില്ലെന്ന് വെള്ളാപ്പള്ളി!" കോൺഗ്രസിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം നടത്തിയ പ്രധാന വിമർശനങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ തറവാടി നായർ പരാമർശത്തിനു പിന്നാലെയാണ് വെള്ളാപ്പള്ളി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. "ആർ ശങ്കർ മുഖ്യമന്ത്രിയായിട്ട് അറുപത് വർഷം കഴിഞ്ഞു. അതിനിടയിൽ ഒരു പിന്നാക്കക്കാരനെയോ പട്ടികജാതിയിൽപ്പെട്ട ഒരു വ്യക്തിയെയോ ഇവർ മുഖ്യമന്ത്രിയാക്കിയിട്ടില്ല. പിന്നാക്ക വിഭാഗത്തിൽ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി പഥത്തിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ ശങ്കർ. എന്നാൽ അദ്ദേഹത്തിനു ശേഷം ഒരു പിന്നാക്കക്കാരൻ കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയില്ല എന്നുള്ളതാണ് വെള്ളാപ്പള്ളിയുടെ വിമർശനത്തിന് അടിസ്ഥാന
രണ്ടാം കേരള നിയമസഭയുടെ മുഖ്യമന്ത്രിയായിരുന്നു ശങ്കർ. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയും അദ്ദേഹമാണ്. തരൂർ തറവാടി നായരാണെന്ന് പറഞ്ഞതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തീർന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഡൽഹി നായരാണെന്നാണ് ആദ്യം പറഞ്ഞത്. ചങ്ങനാശേരിയിൽ തരൂർ എത്തിയപ്പോൾ അദ്ദേഹം തറവാടി നായരായി. തറവാടി നായരെന്നൊക്കെ സ്വകാര്യ സംഭാഷണത്തിൽ പറയാമെങ്കിലും പൊതുവേദിയിൽ പറഞ്ഞതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നു. ഇത്തരമൊരു വിലകുറഞ്ഞ അഭിപ്രായം നടത്തിയിട്ടും ഒരു എംഎൽഎമാർ പോലും മിണ്ടിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ശശി തരൂർ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങി ഒരേ വിഭാഗത്തിൽ നിന്നുള്ള ആളുകളാണ് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പരിശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. പിന്നാക്ക വിഭാഗക്കാരനായ കൊടിക്കുന്നിൽ സുരേഷിന് എന്തുകൊണ്ട് മുഖ്യമന്ത്രിയായിക്കൂട എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ശശി തരൂർ തറവാടി നായരാണെന്നും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യനാണെന്നുമുള്ള ജി സുകുമാരൻ നായരുടെ പരാമർശമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനം. ആറോളം പേരാണ് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി പരിശ്രമിക്കുന്നത്.
കെ മുരളീധരന് ആ കസേര കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് തരൂരിനെ പിന്തുണയ്ക്കാൻ തുടങ്ങിയത്. കോൺഗ്രസിന് എന്തുകൊണ്ട് പിന്നാക്കക്കാരനെ മുഖ്യമന്ത്രിയാക്കിക്കൂടാ? കേരളത്തിൽ പതിനഞ്ച് ശതമാനം മാത്രമുള്ള നായർ സമുദായം മാത്രം വോട്ട് ചെയ്താൽ തരൂരിന് ജയിക്കാൻ കഴിയുമോ? വെള്ളാപ്പള്ളി ചോദിക്കുന്നു. ശശി തരൂർ പിന്നാക്ക, പട്ടികവിഭാഗ വിരോധിയാണെന്നാണ് അദ്ദേഹത്തിന്റെ പോക്ക് കണ്ടിട്ട് മനസിലാകുന്നത്. പിന്നാക്കക്കാരനായ സ്ഥാനാർത്ഥിക്കെതിരെയാണ് തരൂർ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. തറവാടി നായരാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം തിരുത്തിയില്ല. വെറും പതിനഞ്ച് വർഷത്തെ പ്രവർത്തി പരിചയം മാത്രമാണ് തരൂരിനുള്ളതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
Find out more: