അപർണ ബാലമുരളിയും ലോ കോളേജ് വിദ്യാർത്ഥിയും: സോഷ്യൽ മീഡിയ എന്താണ് ചർച്ച? എറണാകുളം ലോ കോളേജിൽ സിനിമ പ്രൊമോഷന്റെ ഭാഗമായി എത്തിയ അപർണ്ണ ബാലമുരളിയുടെ അനുവാദമില്ലാതെ അവരുടെ തോളിൽ കൈയിടാൻ ശ്രമിച്ച ഒരു ആൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ആ ആൺകുട്ടി ചെയ്ത പ്രവർത്തിയെ ന്യായീകരിക്കുന്നതായി അധികം പോസ്റ്റുകളില്ല എന്നത് നല്ലൊരു കാര്യമാണ്. എന്നാലും ഈ ലോകത്ത് സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരേ ഒരാൾ ആ ആൺകുട്ടിയാണെന്ന സമീപനമാണ് ഭൂരിഭാഗം പേരിലും പ്രതികരണമായി കാണാനിടയായത്. സ്ത്രീയുടെ പേഴ്‌സണൽ സ്‌പേസിലേക്ക് ഇടിച്ചു കയറുന്ന വ്യക്തി അവൻ മാത്രമാണെന്നു പറയുന്നതിലൂടെ, അല്ലെങ്കിൽ വിരൽ അവനിലേക്ക് മാത്രം ചൂണ്ടുന്നതിലൂടെ പലരും വളരെ എളുപ്പത്തിൽ രക്ഷപ്പെടുന്നതായി കാണാം. പലരും അവനവനിലെ സ്വകാര്യതാലംഘകരെ മറച്ചുപിടിക്കാനുള്ള ഒരവസരമായി ഈ വിരൽച്ചൂണ്ടലിനെ കണ്ടിരിക്കുന്നു.
ആ വിദ്യാർത്ഥിയുടെ പ്രവൃത്തി മോശമായി എന്നു പറയുന്ന സന്ദർഭത്തിൽ തന്നെ അത്തരം പ്രവൃത്തികൾക്ക് മുതിരുന്ന എല്ലാവരേയും അഡ്രസ് ചെയ്യുക കൂടി വേണം. ഇത് കേവലം ഒരു ക്യാമ്പസിൽ ഒരു ആൺകുട്ടി ചെയ്യുന്ന പ്രവൃത്തി എന്നതിനപ്പുറം, ദിനവും സ്ത്രീകൾ നേരിടുന്ന പ്രശ്‌നമായിക്കണ്ട് പ്രതികരണങ്ങളും പരിഹാരനിർദ്ദേശങ്ങളും ഉണ്ടാകണം. കോർ ഇഷ്യൂ അഡ്രസ് ചെയ്യപ്പെട്ടാൽ താൻ ഉൾപ്പടെയുള്ളവർ പ്രതിസ്ഥാനത്തേക്ക് വന്നേക്കാം എന്ന ബോധ്യം ഓരോരുത്തരിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. തെറ്റു ചെയ്യുന്നവരെ ആക്രമിക്കുന്നവർക്കൊപ്പം നിന്നാൽ താൻ വിശുദ്ധനാക്കപ്പെട്ടേക്കുമെന്ന ചിന്തയായിരിക്കണം പലരേയും നയിക്കുന്നത്. സോഷ്യൽ മീഡിയയിൽ പൊതുവെയുള്ളൊരു ട്രെൻഡാണ്, ഒരാളെ 'ട്രോളി കൊല്ലു'ന്നതും, രണ്ടുദിവസം കഴിഞ്ഞാൽ ആ വിഷയം മറന്നു കളയുന്നതും.
വ്യക്തിയെ കേന്ദ്രീകരിക്കാതെ വിഷയത്തെ അഡ്രസ് ചെയ്യാൻ പലപ്പോഴും നമ്മൾ മറന്നു പോകാറുണ്ട്. ലോ കോളേജിലെ ആ ആൺകുട്ടിയുടെ പ്രവൃത്തിയിലെ പ്രശ്‌നങ്ങൾ പറയുന്നതിന് പകരം അവനാണ് ഈ ലോകത്തെ ഏറ്റവും മോശം വ്യക്തി എന്ന നിലയ്ക്ക് വിമർശനം വഴിതെറ്റിപ്പോകുന്നു. വിമർശനങ്ങൾ വ്യക്ത്യധിഷ്ടിതം മാത്രമായിപ്പോകുന്നത് മാറ്റങ്ങളെ തടുക്കുന്ന ഒരു പ്രവണതയാണ്.പ്രശ്‌നങ്ങളോട് പെരിഫറലായി മാത്രം പ്രതികരിക്കുന്ന സോഷ്യൽ മീഡിയ രീതിയാണ് ഇവിടെയും ഇത് വിമർശിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു സിനിമയിൽ പൊളിറ്റിക്കലി ഇൻകറക്ട് ആയിട്ടുള്ള സംഭാഷണങ്ങളുണ്ടെങ്കിൽ അതിനെതിരെ ശബ്ദമുയർത്താനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും കാണിക്കുന്ന ആർജ്ജവം സിനിമയുടെ മൊത്തം ആശയത്തെ വിമർശിക്കാൻ പൊതുവിൽ ആളുകൾ കാണിക്കാറില്ല.
പൊളിറ്റിക്കലി വളരെ റോങ് ആയ ആശയം പറയുന്ന 'മകൾ' എന്ന സിനിമ എന്തുകൊണ്ട് 'കടുവ'യിലെ ഡയലോഗിനോളം വിമർശിക്കപ്പെടുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നത് കോർ ഇഷ്യൂവിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള നമ്മുടെ മടിയിലാണ്. അഥവാ, വാക്കുകൾ പുറമേയ്ക്ക് നല്ലതായിരിക്കുകയും പ്രവൃത്തിയിൽ അത് ഇല്ലാതിരിക്കുകയും ചെയ്യുന്നതിനെ നമ്മൾ ഗൗരവത്തോടെ കാണാതിരിക്കുന്നതിലാണ്. ലോ കോളേജിലെ ഒരു ആൺകുട്ടി ചെയ്ത തെറ്റിനെ വിമർശിക്കേണ്ടത് ഒരു ദിവസം മുഴുവൻ സോഷ്യൽ മീഡിയയിൽ ആ വ്യക്തിയെ ആക്രമിച്ചുകൊണ്ടാവരുത്. ഈ വിഷയം രണ്ട് ദിവസത്തിൽ കൂടുതൽ ആരും ചർച്ചചെയ്യില്ല എന്നുള്ളത് മറ്റൊരു വിഷയം. ലോ കോളേജ് വിഷയത്തിൽ പ്രതികരിക്കുന്നവരിൽ എത്രപേർ സോഷ്യൽ മീഡിയയിൽ നിന്നും ഇറങ്ങിയിട്ടുള്ള സ്വന്തം ജീവിതത്തിൽ ഇത്തരം പേഴ്‌സണൽ സ്‌പേസുകൾ മാനിക്കുന്നുണ്ട് എന്നത് ചിന്തിക്കേണ്ടത് അനിവാര്യമാണ്. അത്തരം ചിന്തകളിലൂടെയും, തിരിച്ചറിവുകളിലൂടെയും മാത്രമേ മാറ്റങ്ങളുണ്ടാക്കാൻ കഴിയൂ. കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ആലോചനകളെ പ്രേരിപ്പിക്കുന്ന തരത്തിലായിരിക്കണം വ്യവസ്ഥാപിത മാധ്യമങ്ങൾ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്.
Find out more: