കൊല്ലാൻ തീരുമാനിച്ചിട്ട് ഉമ്മവച്ച് വിടണമായിരുന്നോ? ആകാശ് തില്ലങ്കേരിയുടെ മറ്റൊരു സുഹൃത്തിൻ്റെ കമൻ്റ് ഇങ്ങനെ! യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബ് വധക്കേസിൽ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം വിവാദമായി തുടരുന്നതിനിടെ ഷുഹൈബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമർശം. പാർട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തെന്നു സൂചിപ്പിക്കുന്ന ഫേസ്ബുക്ക് കമന്റിലൂടെയാണ് ആകാശ് സിപിഎം - ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്. പല കാര്യങ്ങളിലും കുഴിയിൽ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വനിത നേതാക്കളെ ഉൾപ്പെടെ അപമാനിച്ചെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഡിവൈഎഫ്ഐ പ്രസ്താവനയിറക്കി.
'കൊല്ലാൻ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ' - എന്ന് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി നടത്തിയ പ്രതികരണമാണ് മറ്റൊരു വിവാദത്തിലേക്ക് എത്തിയത്. ഫേസ്ബുക്ക് കമൻ്റിലായിരുന്നു ജിജോ തില്ലങ്കേരിയുടെ പ്രതികരണം.ഷുഹൈബിനെ കൊലപ്പെടുത്തിൽ വിമർശനം ഉന്നയിച്ചുള്ള കമൻ്റിന് മറുപടിയായിട്ടാണ് ജിജോ തില്ലങ്കേരിയുടെ പ്രതികരണം.വിവാദം തുടരുന്നതിനിടെ ഡിവൈഎഫ്ഐ വനിത നേതാവിൻ്റെ പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ മുഴക്കുന്ന് പോലീസാണ് കേസെടുത്തത്. വനിത നേതാവിൻ്റെ പരാതിയിൽ ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവർക്കെതിരെയും കേസെടുത്തു.
ഷുഹൈബ് വധക്കേസിൽ മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരി നടത്തുന്നതെന്നും ഏത് തരത്തിലുള്ള അന്വേഷണത്തേയും സിപിഎം ഭയക്കുന്നില്ലെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘത്തെ നേരിടുമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ല നേതൃത്വവും മുന്നറിയിപ്പു നൽകി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്ന് ജില്ല സെക്രട്ടറി സരിൻ ശശിയും പ്രസിഡന്റ് മുഹമ്മദ് അഫ്‌സലും വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ആകാശ് തില്ലങ്കേരി സമൂഹമാധ്യമങ്ങൾ വഴി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വനിത നേതാവ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ നേതാവിനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് ആകാശ് തില്ലങ്കേരിയുടെ പേരിൽ മട്ടന്നൂർ പോലിസും കേസെടുത്തു. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ബിനീഷിന്റെ പരാതിയിലാണ് മട്ടന്നൂർ പോലിസ് കേസെടുത്തത്.
Find out more: