താലിബാൻ നേതാക്കൾ കോഴിക്കോട് ഐഐഎം പരിപാടിയിൽ; ക്ഷണിച്ചത് കേന്ദ്രസർക്കാരെന്ന് സ്ഥാപനം! ഇന്ത്യൻ ടെക്നിക്കൽ ആൻ്റ് ഇക്കണോമിക് കോപ്പറേഷൻ (ഐടിഇസി) പ്രോഗ്രാമിലാണ് മുതിർന്ന താലിബാൻ ഉദ്യോഗസ്ഥർ പങ്കെടുത്തത്. എന്നാൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നിരിക്കെ താലിബാൻ ഉദ്യോഗസ്ഥർ എങ്ങനെ പരിപാടിയിൽ പങ്കെടുത്തു എന്നതാണ് ചോദ്യം. അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം വിവിധ രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള നീങ്ങളുമായി മുന്നോട്ടു പോകുകയാണ് താലിബാൻ. ഇതിനിടയിൽ കോഴിക്കോട് ഐഐഎം സംഘടിപ്പിച്ച ഒരു ഓൺലൈൻ കോഴ്സിൽ താലിബാൻ നേതാക്കളടക്കം 18 അഫ്ഗാൻ പൗരന്മാർ പങ്കെടുത്തതാണ് പുതിയ വാർത്തയായിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികൾക്കൊപ്പമാണ് താലിബാൻ പ്രതിനിധികളും സന്നിഹിതരാകുക.
താലിബാനോടുള്ള ഇന്ത്യയുടെ അന്തിമ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും കേന്ദ്രം മൃദുസമീപനം സ്വീകരിക്കുന്നതിൻ്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അതേസമയം, കേന്ദ്രത്തിൻ്റെ നിലപാടിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇമേഴ്സിങ് വിത്ത് ഇന്ത്യൻ തോട്ട്സ് എന്ന വിഷയത്തിൽ നടത്തിയ നാലു ദിവസത്തോളം നീണ്ട ഓൺലൈൻ പരിപാടിയിലേയ്ക്കായിരുന്നു താലിബാൻ നേതാക്കൾക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരിശീലനത്തിനായി ക്ഷണിച്ചിട്ടുണ്ടെന്ന താലിബാൻ്റെ പ്രതികരണവും ചില ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഐടെക് എന്ന കോഴ്സ് വിദേശകാര്യ മന്ത്രാലയത്തിനു വേണ്ടി നടത്തുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ടൈംസ് ഓപ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, കോഴ്സിൻ്റെ ആദ്യദിനത്തിൽ മാത്രം 18 താലിബാൻ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്.
കൂടാതെ തായ്ലൻഡിൽ നിന്നും മാലിദ്വീപിൽ നിന്നുമുള്ള ഓരോ പ്രതിനിധികളും കോഴ്സിൽ പങ്കെടുത്തു. കോഴ്സിനായി 25ഓളം വിദേശപ്രതിനിധികൾ എൻറോൾ ചെയ്തിട്ടുണ്ടെന്നും ഇവരിൽ 22 പേർ അഫ്ഗാനിസ്ഥാൻ പൗരന്മാരാണെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കാബൂളിലെ ഇന്ത്യൻ ടെക്നിക്കൽ മിഷൻ വഴിയാണ് കോഴ്സിനെപ്പറ്റി താബിലാൻ വിദേശകാര്യമന്ത്രാലയം അറിഞ്ഞതെന്നാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ചില രേഖകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവർക്ക് കോഴ്സിൽ സംബന്ധിക്കാമെന്നും ഈ ഓഫീസ് രേഖകൾ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ കോഴ്സിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നതിൽ സ്ഥാപനത്തിന് പങ്കില്ലെന്നും ഇവരുടെ രാഷ്ട്രീയ നിലപാടുകൾ അറിയില്ലെന്നും ഐഐഎം കോഴിക്കോട് പ്രസ്താവനയിൽ വ്യക്തമാക്കി.ഇന്ത്യയുടെ സാസ്കാരിക, സാമൂഹിക പശ്ചാത്തലവും സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങളും വ്യവസായസാധ്യതകളും പരിചയപ്പെടുത്തുന്നതാണ് കോഴിക്കോട് ഐഐഎമ്മിൻ്റെ കോഴ്സ്. മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായമേഖലയിലെ പ്രമുഖരും അടക്കമുള്ളവരാണ് കോഴ്സ് നയിക്കുന്നത്.
Find out more: