തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി നിരോധിക്കണം; 3 വർഷത്തിനിടയിൽ 40 ആത്മഹത്യകൾ! ലോട്ടറി കഴിഞ്ഞാൽ അധ്വാനമില്ലാതെ പണക്കാരനക്കാൻ ചൂതാട്ടത്തിന് പറ്റുമെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. നിമിഷനേരം കൊണ്ട് ലക്ഷാധിപതികളോ കോടീശ്വരന്മാരോ ആകാമെന്ന വ്യാമോഹത്തിൽ ചൂതാട്ടത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങി പണവും ജീവനും നഷ്ടപ്പെട്ടവർ നിരവധി. ഓൺലൈനിൽ പുതിയ രൂപത്തിലും ഭാവത്തിലും കാശുവാരിക്കളിയായി അവതരിക്കുന്ന ചൂതാട്ടം ആളെക്കൊല്ലിയാകാൻ നിമിഷനേരം മതി. ചതിക്കുഴിയാണ് ചൂതാട്ടമെന്നറിഞ്ഞുകൊണ്ടാണ് പലപ്പോഴും ആളുകൾ ചൂതാട്ടത്തിലേക്ക് എത്തിപ്പെടുന്നത്. ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനുള്ള തമിഴ്‌നാട് സർക്കാരിന്റെ ബിൽ ഗവർണർ തിരിച്ചയച്ചത് തമിഴ്‌നാട്ടിൽ കത്തുന്ന വിഷയമായി വളർന്നുകഴിഞ്ഞു. നാലുമാസമായി രാജ്ഭവനിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ബിൽ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലുള്ളതാണെന്ന കാരണം ചൂണ്ടിക്കാട്ടി ഗവർണർ ആർ.എൻ. രവി മടക്കിയതിനെതിരേ ഭരണ-പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
ബിൽ രണ്ടാമതും നിയസഭയിൽ പാസാക്കി ഗവർണർക്ക് അയക്കാനാണ് തീരുമാനമെന്ന് നിയമന്ത്രി എസ്. രഘുപതി പറഞ്ഞിരുന്നു. രണ്ടാമത് അയക്കുന്ന ബില്ലിനെ അനുമതി നൽകാതിരിക്കാനാവില്ലെങ്കിലും ബില്ലിൽ ഒപ്പുവെക്കാതെ ഗവർണർക്ക് ബിൽ നീട്ടിവെക്കാം. ഓൺലൈൻ റമ്മിയും പോക്കറുമൊക്കെ കളിച്ച് പണക്കാരനാകാമെന്ന മോഹത്തിൽ ചൂതാട്ടത്തിലേക്ക് എത്തിപ്പെടുന്നവരിൽ വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മൊബൈലിന്റെ കൊച്ച് സ്‌ക്രീനിൽ നിന്ന് ലക്ഷങ്ങൾ വാരാമെന്ന കോളുകളും സന്ദേശങ്ങളും വരുമ്പോൾ വെറുതെ ഒന്ന് കയറിനോക്കിയാണ് പലരും ചൂതാട്ടത്തിന്റെ വലയിൽ കുരുങ്ങുന്നത്. ഈയടുത്ത് കേരളത്തിൽ നടന്ന ചില ആത്മഹത്യകളിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതായി സംശയിച്ചിരുന്നു ആളുകളെ സ്വയം ജീവനെടുക്കാൻ പ്രേരിപ്പിക്കുന്ന ഓൺലൈൻ ചൂതാട്ടം അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഇപ്പോൾ വലിയ വിഷയമായി മാറിയിരിക്കുകയാണ്.
ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ചെന്നൈയിൽ ഒരാൾ ആത്മഹത്യ ചെയ്ത് ഒരാഴ്ച തികയുമ്പോഴെക്കും ഗവർണർ ആർ. എൻ. രവി ഓൺലൈൻ ചൂതാട്ടനിരോധന ബിൽ മടക്കി. ഇതോടെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ-സാമൂഹിക വിഷയമായി പ്രശ്‌നം വളർന്നിരിക്കുകയാണ്. പുതിയ ഗവർണറും എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെ. സർക്കാരും തമ്മിലുള്ള ആദ്യത്തെ പോരിന് ഇതോടെ തുടക്കമായി. പൊതുജനത്തെ ബാധിക്കുന്ന വിഷയം മറ്റു രാഷ്ട്രീയ - സാമൂഹിക പ്രവർത്തകരും ഏറ്റെടുത്തു. ഗവർണർക്ക് നേരെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരാൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തവർ തമിഴ്‌നാട്ടിൽ മാത്രം 40 പേരെങ്കിലുമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അടിയന്തരമായി ഓൺലൈൻ ചൂതാട്ടം നിരോധിക്കാനുള്ള നീക്കത്തിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചത് ഈ കണക്കുകളാണ്.
കഴിഞ്ഞദിവസം തന്തൈ പെരിയാർ ദ്രാവിഡർ കഴകം (ടിപിഡികെ) പ്രതിഷേധ സൂചകമായി മരിച്ചവരുടെ ചിതാഭസ്മം അയച്ചുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഓൺലൈൻ ചൂതാട്ട നിരോധന ബിൽ പാസ്സാക്കാത്ത ഗവർണറാണ് 40-ഓളം ആത്മഹത്യകളുടെ ഉത്തരവാദി എന്നാരോപിച്ചായിരുന്നു ചിതാഭസ്മം അയക്കാനുള്ള ശ്രമം നടന്നത്. ബി.ജെ.പിയുടെ നിർദേശാനുസരണം ഗവർണർപ്രശ്നങ്ങളുണ്ടാക്കുകയാണോ അതോ, ചൂതാട്ട മാഫിയയുടെ നിർബന്ധത്തിന് വഴങ്ങുകയാണോ എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.ചൂതാട്ടത്തിന് ഇന്ത്യയിൽ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചൂതാട്ടത്തിനെ കുറിച്ചുള്ള പരാമർശങ്ങൾ കാണാം.
ബ്രിട്ടീഷ് ഭരണത്തിന് കീഴിലാണ് ഇന്ത്യയിൽ ആദ്യമായി ചൂതാട്ടത്തിന് പൊതുനിയമം വരുന്നത്. 1867-ലെ പൊതു ചൂതാട്ടനിയമം വരുന്നതുവരെ രാജ്യത്ത് ചൂതാട്ടത്തിനെ നിയന്ത്രിക്കുന്നതിന് കാര്യമായ നിയമങ്ങളൊന്നുമില്ലായിരുന്നു. പണം കൈമാറ്റം ചെയ്യുന്ന കളികൾ മാത്രമാണ് നിയമത്തിന് കീഴിൽ വരുന്നത്, മാത്രമല്ല ചൂതാട്ടത്തിലാണെങ്കിലും നൈപുണ്യം തെളിയിക്കാൻ പറ്റുന്ന കളികൾ ശിക്ഷാർഹമല്ല താനും. 1867-ലുണ്ടാക്കിയതിനാൽ ഓൺലൈൻ ചൂതാട്ടത്തെക്കുറിച്ച് പ്രത്യേകമായി ഒന്നും തന്നെ നിയമത്തിൽ പറയുന്നില്ല. നിയമം നിലവിൽ വന്ന് ഒന്നര നൂറ്റാണ്ട് പിന്നിട്ടെങ്കിലും കാലാനുസ്മൃതമായ മാറ്റങ്ങളൊന്നും കാര്യമായി വരുത്തിയിട്ടുമില്ല.
Find out more: