അതിദാരിദ്ര നിർമ്മാർജന പദ്ധതിയിലെ അവകാശം അതിവേഗം പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങു ഇന്ന് നടന്നു! അതിദാരിദ്ര നിർമ്മാർജന പദ്ധതിയുടെ ഭാഗമായ മൈക്രോപ്ലാൻ രൂപീകരണത്തിൻറെയും അവകാശം അതിവേഗം പദ്ധതിയുടെയും പൂർത്തീകരണത്തിൻറെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന് നടക്കും. വൈകീട്ട് 3.30 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. ദാരിദ്രം ഏറ്റവും കുറവുള്ള നാടാണ്‌ നമ്മുടേതെന്നും അവശേഷിക്കുന്ന ദാരിദ്രവും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ സർക്കാർ നടത്തുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇതിൻറെ ഭാഗമായാണ്‌ അതിദാരിദ്ര നിർമ്മാർജന പദ്ധതിക്ക്‌ സർക്കാർ രൂപം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.




ലോകത്ത് തന്നെ അപൂർവവും രാജ്യത്ത് ആദ്യവുമാണ് ഇത്തരമൊരു വിപുലമായ പദ്ധതി നടപ്പിലാക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തിയ ജനകീയവും ശാസ്ത്രീയവുമായ നിർണയ പ്രക്രീയയിലൂടെ 64,006 അതി ദരിദ്ര കുടുംബങ്ങളെ സംസ്ഥാനത്ത് കണ്ടെത്തി. ഈ കുടുംബങ്ങളിൽ 1,03,099 അംഗങ്ങളാണുള്ളത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ മന്ത്രിസഭായോഗമാണ് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള സുപ്രധാന തീരുമാനമെടുത്തത്. ഓരോ കുടുംബത്തിനും ആവശ്യമായ മൈക്രോ പ്ലാനുകൾ തയ്യാറാക്കുന്ന പ്രക്രീയ പൂർത്തിയായ വിവരം മുഖ്യമന്ത്രി പ്രഖ്യാപിക്കും. 77555 അടിയന്തിര പദ്ധതികളും, 36269 ഹൃസ്വകാല പദ്ധതികളും, 153624 ദീർഘകാല പദ്ധതികളുമാണ് അതിദരിദ്ര കുടുംബങ്ങളെ കൈപിടിച്ചുയർത്താനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രൂപപ്പെടുത്തിയത്.




ഭക്ഷണം, ആരോഗ്യസുരക്ഷ, അടിസ്ഥാന വരുമാനം, സുരക്ഷിത വാസസ്ഥലം തുടങ്ങിയവ ഒരുക്കി ഇവരെ അതിദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാനുള്ള വിശദമായ പദ്ധതി പ്രാദേശികമായ കൂടിയാലോചനകളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രൂപകൽപ്പന ചെയ്തു. ഇന്ന് വൈകിട്ട് 3.30ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലാണ് പ്രഖ്യാപനം. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാർ ജി ആർ അനിൽ, വീണാ ജോർജ്‌, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരും പങ്കെടുക്കും.




11,340 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിർമ്മിക്കാൻ നടപടി സ്വീകരിച്ചു. 22054 പേർക്ക് ഇതിനകം ആശുപത്രി സേവനങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. പാകം ചെയ്യാനാകാത്തവർക്ക് ഭക്ഷണവും അല്ലാത്തവർക്ക് ഭക്ഷ്യകിറ്റും ലഭ്യമാക്കിയിട്ടുണ്ട്. റേഷനും ആരോഗ്യപരിരക്ഷയും വാതിൽപ്പടിയിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക്‌ വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

Find out more: