കെ ഫോൺ: എല്ലാ വീടുകളിലും ഓഫീസുകളിലും കണക്ഷൻ എത്തിക്കുമെന്ന് മുഖ്യമന്ത്രി! എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. അങ്ങനെ ഇന്റർനെറ്റ് എന്ന അവകാശം എല്ലാവർക്കും പ്രാപ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെ, പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിന്റെ, ഉത്തരവാദിത്തബോധമുള്ള ഭരണനിർവ്വഹണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോൺ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അവകാശമാണ് ഇന്റർനെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സർക്കാർ കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്. ആധുനിക കാലത്ത് കേരളം ലോകരാജ്യങ്ങളുടെ ഗതിവേഗത്തിനൊത്തു തന്നെ നീങ്ങുമെന്ന് ഉറപ്പു നൽകിക്കൊണ്ട് വളരെ സന്തോഷത്തോടെ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ-ഫോൺ ജനങ്ങൾക്കു സമർപ്പിച്ചതായി പ്രഖ്യാപിക്കുന്നു.





 കെ - ഫോൺ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ തന്നെ നമ്മൾ നേടിയെടുത്തിരുന്നു. നിലവിൽ 17,412 സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ കണക്ഷൻ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. 9,000 ത്തിലധികം വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള കേബിൾ വലിച്ചിട്ടുണ്ട്. 2,105 വീടുകൾക്ക് കണക്ഷൻ നൽകുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്, അഥവാ കെ - ഫോൺ. കെ - ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.





കോവിഡാനന്തര ഘട്ടത്തിൽ പുതിയ ഒരു തൊഴിൽസംസ്‌കാരം രൂപപ്പെട്ടുവരികയാണ്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, വർക്ക് എവേ ഫ്രം ഹോം എന്നിങ്ങനെയുള്ള പ്രവൃത്തിരീതികൾ വർദ്ധിച്ച തോതിൽ നിലവിൽ വരികയാണ്. അവയുടെ പ്രയോജനം നമ്മുടെ ചെറുപ്പക്കാർക്ക് ലഭിക്കണം എന്നുണ്ടെങ്കിൽ മികച്ച ഇന്റർനെറ്റ് സേവനങ്ങൾ നാട്ടിൽ എല്ലായിടത്തും ഉണ്ടാകണം. അതിനുള്ള ഉപാധിയാണ് കെ-ഫോൺ പദ്ധതി. ലോകത്തേറ്റവും അധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 700 ലധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകളാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള രാജ്യത്താണ് എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സർക്കാർ സവിശേഷമായി ഇടപെടുന്നത്.





 ആ നിലയ്ക്ക്, സർക്കാരിന്റെ, നമ്മുടെ നാടിന്റെ ജനകീയ ബദൽ നയങ്ങളുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് കെ-ഫോൺ പദ്ധതി.മികച്ച വാസസ്ഥലമായി കണക്കാക്കപ്പെടുന്ന കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളിൽ പലരും ഇവിടെ തന്നെ താമസിക്കാനും ഇവിടെ നിന്ന് ജോലി ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നവരാണ്. ആ ചിന്താഗതി ഉള്ളവരെ കൂടി ആകർഷിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ ചലനം ഉണ്ടാക്കാൻ കെ-ഫോണിലൂടെ നമുക്ക് കഴിയും. അതേസമയം തന്നെ ഇടമലക്കുടി ഉൾപ്പെടെയുള്ള ഇടങ്ങളിൽ കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്നും ഉറപ്പുവരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Find out more: