ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണം; സിപിഎമ്മിനെതിരെ വിഡി സതീശൻ! സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സിപിഎം ഇപ്പോൾ ആവശ്യപ്പെടുന്നത്. അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നത്. യുഡിഎഫ് സുശക്തമാണ്. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സിപിഎമ്മിന് നൽകാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് ഇഎംഎസ് പറഞ്ഞിട്ടുള്ളത്. ഇഎംഎസിൻറെ പുസ്തകത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും അതിന് വേണ്ടി ഇന്ത്യ മുഴുവൻ പ്രക്ഷോഭം നടത്താൻ ജനാധിപത്യ മഹിളാ അസോസിയേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്.
ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് നിയമസഭയിലും സിപിഎം അംഗങ്ങൾ ആവശ്യപ്പെട്ടതിൻറെ രേഖയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻറെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടു ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എ.വി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. ഇഎംഎസ് ഒരു കാലത്തും ഏക സിവിൽ കോഡിന് എതിരായിരുന്നില്ല. 1987 ലെ തെരഞ്ഞെടുപ്പിൽ ഹിന്ദു വർഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടത്. ഇഎം എസിൻറെയും സിപിഎം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു.
ഇഎംഎസ് തെറ്റായിരുന്നെന്ന് എംവി ഗോവിന്ദനും സിപിഎമ്മും ഇപ്പോൾ പറയാൻ തയാറുണ്ടോ? സിപിഎമ്മിൻറെ നയരേഖയിലും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാൻ സിപിഎം തയാറാകുമോയെന്നും വിഡി സതീശൻ ചോദിച്ചു. സ്വയം വ്യക്തതയില്ലാത്തത് കൊണ്ടാണ് എംവി ഗോവിന്ദൻ ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെപിസിസി പാസാക്കിയ പ്രമേയത്തിലും അവ്യക്തതയില്ല. അവ്യക്തത സിപിഎമ്മിനാണ്.
ഇഎംഎസും സിപിഎം നേതാക്കളുമൊക്കെ പറഞ്ഞത് അച്ചടിച്ച് വന്നിട്ടുണ്ട്. സിപിഎമ്മാണ് മലക്കം മറിയുന്നത്. സിപിഎമ്മുമായി ചേർന്ന് ഒരു പരിപാടിയും നടത്തില്ല. അഴിമതിക്കാരെയും കൊള്ളക്കാരെയും ഒപ്പമിരുത്തി എങ്ങനെ പരിപാടി നടത്തും? നരേന്ദ്ര മോദിക്ക് പഠിക്കുകയും രാജ്യത്തെ നിയമ സംവിധാനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെയും ഏക സിവിൽ കോഡിൻറെ പേരിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വരുന്നവരെയും ഞങ്ങൾ കൂടെയിരുത്തില്ല.
Find out more: