കൂലിപ്പണിക്കു കർണാടകയിലേക്ക് പോകുന്ന ആദിവാസികളുടെ ദുരൂഹ കാണാതാകളും മരണവും അന്വേഷിക്കണം: സിദ്ധരാമയ്യക്ക് നിവേദനം! ജില്ലയിലെ പട്ടികവർഗ കോളനികളിൽ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ വസ്തുതാന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് സഹിതമാണ് നിവേദനം അയച്ചിട്ടുള്ളത്. കർണാടകയിൽ കൂലിപ്പണിക്ക് കർഷകർ നേരിട്ടും ഇടനിലക്കാർ മുഖേനയും ജില്ലയിലെ ആദിവാസികളെ കൊണ്ടുപോകുന്നുണ്ട്. കൃഷിയിടങ്ങളിൽ തുറന്ന ജയിലിനു സമാനമായ സാഹചര്യങ്ങളിൽ കഴിയാൻ നിർബന്ധിതരാകുന്ന ആദിവാസികളുടെ മരണവും തിരോധാനവും പതിവാണ് . 2008ൽ നീതിവേദി സംഘടിപ്പിച്ച പീപ്പിൾസ് ട്രിബ്യൂണലിൽ 122 ആദിവാസി ദുരൂഹമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽ കൂലിപ്പണിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരം തൊഴിലുടമകൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് 2007ൽ വയനാട് കലക്ടർ ഉത്തരവായെങ്കിലും അത് കുറച്ചുക്കാലം മാത്രമാണ് നടപ്പിലായത്.
കർണാടകയിലെ കുടക് ഉൾപ്പെടെയുള്ള ജില്ലകളിൽ വയനാട്ടിൽ നിന്നും കൂലിപ്പണിക്കുപോകുന്ന ആദിവാസികൾ ദൂരൂഹസാഹചര്യത്തിൽ മരിക്കുന്നതും, കാണാതാകുന്നതും സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് അസോസിയേഷൻ ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്(എപിസിആർ) കേരള ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യയ്ക്ക് നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു. പുൽപള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനെ കൃഷിയിടത്തിൽ ബോധരഹിതനായി കണ്ടെത്തിയത് ജൂൺമാസത്തിലാണ്. വിവരമറിഞ്ഞ് സഹോദരൻ എത്തിയാണ് അദ്ദേഹത്തെ സർഗൂരിലെ ആശുപത്രിയിലാക്കിയത്. വൈകാതെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
മൃതദേഹവുമായി ആംബുലൻസിൽ നാട്ടിലേക്ക് വരുമ്പോൾ ശേഖരൻ്റെ ഉദരഭാഗത്ത് ആഴമുള്ള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മുറിവ് ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നില്ല. അവയവമെടുത്തതിൻ്റെ ലക്ഷണമായാണ് ഈ മുറിവിനെ ബന്ധുക്കളിൽ ചിലർ കണ്ടത്. എങ്കിലും അവർ പരാതിക്കു മുതിരാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. കർണാടകയിൽ ജോലിക്ക് പോയ മൂന്ന് ആദിവാസികളുടെ മരണമാണ് ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്തത്. മാനന്തവാടി വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരൻ കുടകിലെ ഉതുക്കേരിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. മൃതദേഹം സംസ്‌ക്കരിച്ചതിന് ശേഷമാണ് മരണവിവരം വീട്ടുകാർ അറിഞ്ഞത്. അന്വേഷിച്ചെത്തിയ ബന്ധുക്കളോട് ശ്രീധരൻ വെള്ളത്തിൽവീണു മരിച്ചെന്നാണ് പോലീസ് പറഞ്ഞത്. ശ്രീധരൻ്റെ വസ്ത്രങ്ങളും മരിച്ചുകിടക്കുന്ന ചിത്രവും മാത്രമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. ഇതുവരെ കുടുംബത്തിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും കൈമാറിയിട്ടില്ല.ഉതുക്കേരിയിൽ മരിച്ച ശ്രീധരൻ്റെ സഹോദരൻ അനിലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ശ്രീധരൻ്റെ മരണത്തിൽ വിശദാന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു. എപിസിആർ കേരള ചാപ്റ്റർ സെക്രട്ടറി സിഎ നൗഷാദ്, പിയുസിഎൽ സംസ്ഥാന സെക്രട്ടറി പിഎ പൗരൻ, ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ വയനാട്, നീതിവേദി പീപ്പിൾസ് ട്രിബ്യൂണൽ അംഗം ഡോ.പിജി ഹരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.നെൻമേനി ഗ്രാമപഞ്ചായത്തിലെ കൊയ്ത്തുപാറ കാട്ടുനായക്ക ഊരിലെ സന്തോഷിനെ ജൂലൈയിൽ ജോലിസ്ഥലത്തിനു സമീപം മുങ്ങിമരിച്ച നിലയിൽ കണ്ടതിലും ദുരൂഹത ബാക്കി നിൽക്കുകയാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി ഊരിൽനിന്നു ജോലിക്കുപോയ അരുൺ എന്ന യുവാവിനെ രണ്ടര മാസമായി കാണാനില്ല. ആദിവാസികളുടെ മരണവും തിരോധാനവും കൃഷിയിടങ്ങളിലെ സാഹചര്യവും അന്വേഷിക്കുന്നതിന് സത്യസന്ധനായ പോലീസ് അധികാരിയെ ചുമതലപ്പെടുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.
Find out more: